Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഡോ.ഹാദിയയുടേത്‌ നിർബന്ധിത മതം മാറ്റമല്ലെന്ന് ക്രൈംബ്രാഞ്ച്‌ റിപ്പോർട്ട്‌; സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് ഹാദിയയുടെ മൊഴി

തിരുവനന്തപുരം:(www.k-onenews.in)

ഡോ.ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറാന്‍ ഹാദിയ തീരുമാനിച്ചതെന്നും ഇതിനു വേണ്ടി ഏതെങ്കിലും സംഘടനകള്‍ അവരെ സ്വാധീനച്ചതിന് യാതൊരു തെളിവുമില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ ഡോ.ഹാദിയയുടെ മതം മാറ്റത്തെയും സത്യസരണിയെയും പറ്റി അന്വേഷിച്ച പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനും സമാന റിപ്പോര്‍ട്ടായിരുന്നു ഹൈക്കോടതിയിൽ സമർപ്പിച്ചത്‌. ഇതിനെ തള്ളി ഡോ.ഹാദിയയുടെയും ഷഫിൻ ജഹാന്റെയും വിവാഹം റദ്ദ്‌ ചെയ്ത ഹൈക്കോടതി വിധിയാണ് പരക്കെ വിമർശനത്തിനിടയാക്കിയത്‌.

ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്‌ ഷഫിൻ ജഹാൻ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ കേസ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് എറണാകുളം ക്രൈബ്രാഞ്ച് എസ്പി സന്തോഷ്കുമാര്‍ ഇടക്കാല റിപ്പോര്‍ട്ട് ലോക്നാഥ് ബെഹ്റക്ക് നല്‍കിയിരിക്കുന്നത്‌.

മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ സുപ്രീം കോടതിയിൽ ഹാദിയ കേസ്‌ വാദം കേൾക്കാനിരിക്കെ ക്രൈംബ്രാഞ്ച്‌ നൽകിയ ഇടക്കാല റിപ്പോർട്ട്‌ കോടതിയെ ബോധ്യപ്പെടുത്തുമെന്നാണു സൂചന.

Previous ArticleNext Article