Hot, കേരളം, പുതിയ വാർത്തകൾ

ബന്ധുവായ മുസ്ലിം യുവാവ്‌ ഹിന്ദു യുവതിയെ വിവാഹം ചെയ്തു; ബിജെപി സംസ്ഥാന സെക്രട്ടറിക്ക്‌ ജനരക്ഷാ യാത്രയിൽ അയിത്തം

എറണാകുളം: (www.k-onenews.in) കേരളം പിടിക്കാൻ ബിജെപി ദേശീയ നേതൃത്വം നേരിട്ടിറങ്ങി നടത്തുന്ന ജനരക്ഷായാത്രയിൽ നിന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോർച്ച ദേശീയ നേതാവുമായ അഡ്വഎകെ.നസീറിനെ ഒഴിവാക്കി. യാത്ര ഒരാഴ്ച പിന്നിട്ട് നാളെ എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ ഒരുങ്ങുമ്പോഴാണ് ഇതുവരെ ഒരു പരിപാടിയിലും നസീറിനെ പങ്കെടുപ്പിക്കാതിരുന്നത് ശ്രദ്ധേയമായത്. സാധാരണ നിലയിൽ മലപ്പുറം കോഴിക്കോട് ജില്ലകളിലും തൃശൂർ ജില്ലയിലെ തീര മേഖലയിലും പങ്കെടുപ്പിക്കേണ്ട നസീറിനെയാണ് ഇത് വരെ ഒരിടത്തും പങ്കെടുപ്പിക്കാത്തത്. അത് മാത്രമല്ല സ്വന്തം ജില്ലയായ എറണാകുളത് യാത്രയുടെ ഫ്ളക്സ് ബോർഡ് കാലിലും നസീർ ഇല്ല. സ്വന്തം ബൂത്തുകമ്മിറ്റിയുടെ ഫ്ളക്സ് ബോര്ഡില് പോലും നസീറിന്റെ ചിത്രമില്ല.

ദേശീയ നേതൃത്വത്തിന്റെ അടുപ്പക്കാരൻ എന്നറിയപ്പെട്ടിരുന്ന നസീർ അടുത്തിടെയാണ് പാർട്ടിയിൽ അനഭിമതനായത്. ബിജെപി യിലെ കോഴ വിവാദം പുറത്തു വന്നതിനു പിന്നാലെയാണ് നസീർ ഒറ്റപ്പെട്ടത്. അന്വേഷണ സമിതി അംഗമായിരുന്ന നസീറിന്റെ ഇ മെയിൽ വഴിയാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നത് എന്നതായിരുന്നു കാരണം. കേരളത്തിൽ ബിജെപി മുഖ്യ പ്രതിപക്ഷമെന്ന രീതിയിൽ ഉയർന്നു വരാൻ ശ്രമിച്ചപ്പോഴാണ് പ്രതിച്ഛായ തകർത്തു കോഴ വിവാദം ഉണ്ടായത്. നസീറിനെ ജിഹാദി ചാരനെന്നു വിളിച്ചും മതം പറഞ്ഞാക്ഷേപിച്ചും സോഷ്യൽ മീഡിയയിൽ പരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു

അതോടൊപ്പം ബന്ധുവിന്റെ മിശ്ര വിവാഹവും വിനയായി. നസീറിന്റെ ബന്ധുവായ യുവാവ് വിവാഹം കഴിച്ച ഹിന്ദു യുവതിയെ സംഘപരിവാർ പ്രവർത്തകർ തൃപ്പൂണിത്തുറയിലെ ഘർവാപസി സെന്ററായ ആർഷ വിദ്യാ സമാജത്തിലാക്കുകയായിരുന്നു. ഒടുവിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി കൊടുത്തു പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഹെല്പ് ലൈൻ പ്രവർത്തകരും നസീറുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ യോഗാ കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്ത പുറത്തു വന്നതിലും നസീറിന് പങ്കുണ്ട് എന്നാണു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യോഗാ കേന്ദ്രത്തിലെ മുൻ ജീവനക്കാരെ വരെ ചാനലുകൾക്ക് മുന്നിലെത്തിക്കുന്നതിനു പിന്നിൽ സ്വന്തം പാളയത്തിൽ നിന്നുമുള്ള പണിയുണ്ടെന്നാണ് അവർ വിലയിരുത്തുന്നത്.

എന്തൊക്കെയായാലും യാത്ര ജില്ലയിലെത്തുമ്പോഴും നസീറിന് ഇടമില്ല, ബിജെപി സംസ്ഥാന സെക്രട്ടറി പദവി വരെയെത്തിയിട്ടും ന്യൂനപക്ഷ സമുദായക്കാരനെ സംശയ ദൃഷ്ടിയോടെയല്ലാതെ കാണാൻ കഴിയാത്ത സംഘപരിവാർ മനസ്സാണ് ഇതിൽ വ്യക്തമാവുന്നത്.

Previous ArticleNext Article