Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ, വിനോദം

അർജന്റീനയ്ക്കു ഇക്വഡോറിൽ ശ്വാസം മുട്ടുമോ; വിധി നിർണ്ണയം നാളെ പുലർച്ചെ

(www.k-onenews.in)

ലയണൽ മെസ്സിയും അർജന്റീനയുമില്ലാത്ത ലോകകപ്പിനായിരിക്കുമോ അടുത്ത വർഷം റഷ്യ വേദിയാകുക?

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ മുൾമുനയിൽ നിർത്തി നിർണായക ലോകകപ്പ് യോഗ്യതാമൽസരത്തിന് അർജന്റീന നാളെ ഇക്വഡോറിനെതിരെ ഇറങ്ങുന്നു. നാളെ ഇന്ത്യൻ സമയം പുലർച്ചെ അഞ്ചിനാണു മൽസരം. സമുദ്രനിരപ്പിൽ നിന്ന് 9350 അടി ഉയരത്തിലുള്ള ക്വിറ്റോയിലെ ഗ്രൗണ്ടിൽ കളിക്കാർക്കു ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണു റിപ്പോർട്ടുകൾ.

തപ്പിയും തടഞ്ഞും യോഗ്യതാ മൽസരത്തിൽ മുന്നേറിയ അർജന്റീന രണ്ടുവർഷം മുൻപ് ഇക്വഡോറിനോട് രണ്ടു ഗോളിനു തോറ്റാണു പോരാട്ടം തുടങ്ങിയത് എന്നത് അർജന്റൈൻ ആരാധകരെ പിരിമുറുക്കത്തിലാക്കുന്നു. രണ്ടുതവണ ലോകചാംപ്യൻമാരായ അർജന്റീന ഇപ്പോൾ ഗ്രൂപ്പിൽ ആറാം സ്ഥാനത്താണ്. ആദ്യത്തെ നാലു സ്ഥാനക്കാർക്കു ലോകകപ്പ് യോഗ്യത ലഭിക്കും. അഞ്ചാം സ്ഥാനക്കാർ നവംബറിൽ ന്യൂസീലൻഡുമായി ഇരുപാദ പ്ലേ ഓഫ് കളിക്കണം. ഇന്നു വിജയിച്ചാൽ അർജന്റീനയ്ക്ക് അഞ്ചാം സ്ഥാനം ഉറപ്പിക്കാം. അതുവഴി പ്ലേ ഓഫിലും കടക്കാം. അതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും കോച്ച് സാംപോളിക്കും കൂട്ടർക്കും ആലോചിക്കാനില്ല. ഇക്വഡോറിൽ അർജന്റീനയുടെ മുൻകാല ലോകകപ്പ് യോഗ്യതാ മൽസരഫലങ്ങളും ആശാവഹമല്ല. ഒടുവിൽ ടീം ഇവിടെ ജയിച്ചതു 2001ൽ ആണ്.

ലോകഫുട്ബോളിലെ ഏറ്റവും പ്രഹരശേഷിയുള്ള സ്ട്രൈക്കർമാരുമായി ഇറങ്ങിയിട്ടും 17 കളികളിൽ നിന്നു 16 ഗോൾ മാത്രമാണു ടീമിനു നേടാനായത്. ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, ഗൊൺസാലോ ഹിഗ്വയിൻ, പൗളോ ഡൈബാല, മൗറോ ഇക്കാർദി, ഏയ്ഞ്ചൽ ഡി മരിയ… ആരാണു മോശക്കാരൻ? എന്നിട്ടും ടീം തപ്പിത്തടഞ്ഞു. മാധ്യമപ്രവർത്തകർക്കു നേരെ വാതിലടച്ച് അണ്ടർ 20 ടീമുമായി പരിശീലനമൽസരം കളിച്ചാണു ടീം യാത്രതിരിച്ചത്. ലോകകപ്പ് യോഗ്യതാ മൽസരത്തിനിടെ ചുമതലയേൽക്കുന്ന മൂന്നാമത്തെ പരിശീലകനാണു ജോർജ് സാംപോളി. ഗ്രൂപ്പിലെ മറ്റു മൽസരങ്ങളിൽ ബ്രസീൽ ചിലെയെയും യുറഗ്വായ് ബൊളീവിയയെയും പെറു കൊളംബിയയെയും പാരഗ്വായ് വെനസ്വേലയെയും നേരിടും.

Previous ArticleNext Article