Hot, കായികം, പുതിയ വാർത്തകൾ

മെസ്സി, മെസ്സി, മെസ്സി.. മിശിഹായായി സൂപ്പര്‍താരം; അര്‍ജന്റീന റഷ്യന്‍ ലോകകപ്പിന്

ഇക്വഡോർ: (www.k-onenews.in) ജീവിതത്തിനും മരണത്തിനുമിടയിലെ പോരാട്ടത്തില്‍ വിജയം അര്‍ജന്റീനക്കൊപ്പം. കളിവൈഭവത്തിന്റെ സകല തന്ത്രങ്ങളും പുറത്തെടുത്ത നായകന്‍ ലയണല്‍ മെസ്സിയുടെ ഹാട്രികാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്ക് വിജയവും റഷ്യന്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റും സമ്മാനിച്ചത്. ടീം ജഴ്‌സിയില്‍ സൂപ്പര്‍ താരത്തിന്റെ അവിസ്മരണീയമായ പ്രകടനത്തിനാണ് ഇക്വഡോറിലെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചുവന്നത്.

ഇതോലെ ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന, കൊളംബിയ ടീമുകള്‍ ലോകകപ്പിനെത്തുമെന്ന് ഉറപ്പായി. പെറു ന്യൂസിലാന്‍ഡുമായി പ്ലേ ഓഫ് കളിക്കും.

തോല്‍വി മരണത്തിനു തുല്യമെന്ന തിരിച്ചറിവുമായാണ് അര്‍ജന്റീന ക്വിറ്റയിലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്‌റ്റേഡിയത്തിലെത്തിയത്. മത്സരിച്ച കളികളിലെല്ലാം ഇക്വഡോര്‍ എന്ന സ്വന്തം നാടിനെ കൈവിടാത്ത സ്‌റ്റേഡിയം കൂടിയായിരുന്നു ഇത്. ഭൂതകാല ഓര്‍മകളുടെ ഭയപ്പാടില്‍ പക്ഷേ, വിട്ടുകൊടുക്കാന്‍ മെസ്സിയിലെ പോരാളി തയാറായിരുന്നില്ല.

ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന 3-4-3 ശൈലിയിലാണ് കോച്ച് ജോര്‍ജ് സാംപോളി ടീമിനെ വിന്യസിച്ചത്. ഇക്വഡോര്‍ പ്രതിരോധത്തിന് പ്രാധാന്യമുള്ള 4-4-2 ശൈലിയും സ്വീകരിച്ചു. അലറി വിളിച്ച കാണികള്‍ക്കു മുമ്പില്‍ ആദ്യ മിനിറ്റില്‍ തന്നെ ഇക്വഡോര്‍ സന്ദര്‍ശകരെ ഞെട്ടിച്ചു. അര്‍ജന്റൈന്‍ പ്രതിരോധത്തെ പിളര്‍ത്തിയൊരു നീക്കത്തില്‍ റൊമാരിയോ ഇബറയായിരുന്നു സ്‌കോറര്‍

ആദ്യഘട്ടത്തിലെ ഇക്വഡോര്‍ ആധിപത്യത്തിന് ശേഷം മെസ്സിയും സംഘവും പതിയെ കളിയിലേക്ക് തിരിച്ചുവന്നു. 12-ാം മിനിറ്റില്‍ അതിന് ഫലമുണ്ടായി. ബോക്‌സിന് തൊ്ട്ടു പുറത്ത് നിന്ന് മരിയക്ക് നല്‍കിയ പാസ് മരിയ വീണ്ടും മെസ്സിക്ക് കൈമാറി. പ്രതിരോധനിരയെ വേഗം കൊണ്ട് കീഴ്‌പ്പെടുത്തിയ മെസ്സി പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ (1-1)

കളിയില്‍ മേധാവിത്വം പിടിച്ചെടുത്ത അര്‍ജന്റീനയ്ക്കായി 21-ാം മിനിറ്റില്‍ മെസ്സി വീണ്ടും വെടിപൊട്ടിച്ചു. മധ്യനിരയില്‍ നിന്ന് മരിയ പാസ് നല്‍കുമ്പോള്‍ നാല് ഡിഫന്‍ഡര്‍മാരുടെ വളയത്തിലായിരുന്നു മെസ്സി. പ്രതിരോധത്തെ ഒഴിഞ്ഞു മാറി പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തൊടുത്ത വോളി കൃത്യം ലക്ഷ്യത്തില്‍ സ്‌കോര്‍ (2-1)

കളിയുടെ 62-ാം മിനിറ്റില്‍ നേടിയ മൂന്നാം ഗോളായിരുന്നു അതിമനോഹരം. മൈതാന മധ്യത്തു നിന്ന് പന്ത് സ്വീകരിച്ച മെസ്സി നാല് ഇക്വഡോര്‍ പ്രതിരോധക്കാരെയും ഗോളിയെയും നിസ്സഹായനാക്കി പന്ത് ഇടങ്കാല്‍ കൊണ്ട് വലയിലെത്തിച്ചു. സ്‌കോര്‍ (3-1)

മറ്റു മത്സരഫലങ്ങള്‍

ചിലിക്കെതിരെ ബ്രസീല്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് വിജയിച്ചു. പരാഗ്വ ഏതിരില്ലാത്ത ഒരുഗോളിന് വെനിസ്വലയോട് തോറ്റു. പെറുവും കൊളംബിയയും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. അതേസമയം, ഉറുഗ്വേ രണ്ടിനെതിരെ നാലു ഗോള്‍ക്ക് ബൊളീവിയയെ വീഴ്ത്തി.

Previous ArticleNext Article