Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഡോ: ​ഹാദിയ കേസ്; അട്ടിമറിക്കാൻ സംഘപരിവാർ അഭിഭാഷക സംഘടനയായ അഭിഭാഷക പരിഷത്ത്

എറണാകുളം: (www.k-onenews.in) ഹാദിയ കേസ് അട്ടിമറിക്കാൻ ഇടപെട്ടത് സംഘപരിവാർ അഭിഭാഷക സംഘടനയായ അഭിഭാഷക പരിഷത്ത്.  കേസിൽ ഇടപെട്ട് കോടതിയുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ആയിരുന്നു ഇവരുടെ നീക്കം. സംഘടനാ തീരുമാന പ്രകാരമാണ് സുപ്രീം കോടതിയിൽ  ഹരജി സമർപ്പിച്ചത് എന്ന് അഭിഭാഷകർ. ഹാദിയ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. എന്നാൽ ഇവരുടെ ഹരജികൾ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചിരുന്നില്ല.

അഭിഭാഷകരായ ഷീല ദേവി, കീർത്തി സോളമൻ, വിഷ്ണു ജയപാലൻ എന്നിവർ സംഘപരിവാർ സംഘടനയായ അഭിഭാഷക പരിഷത്തിന്റെ നേതാക്കൾ ആണ്. അഡ്വ. ഷീല ദേവി സംഘടനയുടെ മുതിർന്ന നേതാക്കളിൽ ഒരാളും  കീർത്തി സോളമൻ സംസ്ഥാന കമ്മിറ്റി മെമ്പറും വിഷ്ണു ജയപാലൻ ആർ എസ് എസ് സ്വയം സേവകനും ആണ്.

സംഘടനാ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ ഹരജി ഫയൽ ചെയ്തത് എന്നും കോടതി കക്ഷി ചേരാൻ അനുവദിക്കുകയില്ല എന്ന് അറിയാമായിരുന്നു എന്നും അഡ്വ. കീർത്തി സോളമൻ ന്യൂസ്‌പോർട്ടിനോട് പറഞ്ഞു. കോടതിയുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയായിരുന്നു ഹരജികൾ, അവർ പറയുന്നു. സംഘടന തീരുമാനിക്കും പോലെ ഭാവി നടപടികൾ ഉണ്ടാകും എന്നും അവർ കൂട്ടിച്ചേർത്തു.

ഹരജി തള്ളിയിട്ടില്ല എന്നാണ് തനിക്ക് ലഭിച്ച വിവരം എന്ന് അഡ്വ. വിഷ്ണു ജയപാലൻ പറയുന്നു. താൻ ഒരു സ്വയം സേവകൻ ആണെന്ന് തുറന്നു സമ്മതിക്കുന്ന ഇദ്ദേഹം സംഘടന തീരുമാനം ആണ് ഹരജി ഫയൽ ചെയ്തത് എന്ന് ന്യൂസ്‌പോർട്ടിനോട് വ്യക്തമാക്കി.

കേസിൽ കക്ഷി ചേരാൻ ഹരജി നൽകിയ അഡ്വക്കേറ്റ് ഷീല ദേവി ഹിന്ദു അഡ്വക്കേറ്റ് ഫോറത്തിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. വിശ്വ ഹിന്ദു പരിഷത്തിന് കീഴിലുള്ള ഈ അഭിഭാഷക സംഘടന കേരളത്തിൽ  ഹിന്ദു ഹെല്പ് ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിൽ ആണ് സംഘടിപ്പിക്കപ്പെട്ടത്. ഘർവാപ്പസി പീഡനക്കേസിൽ പങ്കുള്ള സംഘടനയാണ് ഹിന്ദു ഹെല്പ് ലൈൻ.

ഹാദിയ കേസിനെ നിയമപരമായി അട്ടിമറിക്കാനുള്ള നീക്കം അഭിഭാഷക പരിഷത്ത് മുഖാന്തിരം നേരത്തെ തന്നെ തുടങ്ങിയതായാണ് അറിയാൻ സാധിക്കുന്നത്. ഹാദിയ കേസിൽ ഹൈക്കോടതി വിധി വന്ന ശേഷം മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിനെതിരെ അഭിഭാഷക പരിഷത്തിന്റെ  നേതൃത്വത്തിൽ അറുപതോളം പേർ ഒപ്പിട്ട പ്രമേയം ബാർ കൗൺസിലിൽ അവതരിപ്പിക്കുകയും അത് ഐക്യകണ്ഡേനെ പാസാക്കുകയും ചെയ്തിരുന്നു.


ഘർവാപ്പസി പീഡന കേസിൽ പങ്കുള്ള  ഹിന്ദു ഹെല്പ് ലൈൻ എന്ന തീവ്ര ഹിന്ദു സംഘടനയുടെ  നേതാവും അഭിഭാഷകനുമായ പ്രതീഷ് വിശ്വനാഥുമായും  ഇവർക്ക് ബന്ധമുണ്ട്.

കൂടാതെ ഇതേ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്ന ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത ശേഷം കാണാതായ നിമിഷയുടെ ‘അമ്മ ബിന്ദു സമ്പത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഐശ്വര്യ ഭാട്ടി ആയിരുന്നു. ഇക്കാര്യം കോടതിയിൽ ഷെഫിൻ ജഹാന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയിരുന്നു.  ഇവരുടെ ഹരജിയും സുപ്രീം കോടതി തള്ളി. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന ദുഷ്യന്ത് ദവെയുടെ സുപ്രീം കോടതിയിലെ വാദങ്ങളെ സാധൂകരിക്കുന്നതാണ് ഈ വിവരങ്ങൾ. യുപി മുഖ്യമന്ത്രി കേരളത്തിൽ എത്തി ലൗ ജിഹാദ് സത്യമാണെന്ന് പ്രസ്താവന ഇറക്കി അടുത്ത ദിവസങ്ങളിൽ യുപി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സുപ്രീം കോടതിയിൽ ബിന്ദുവിന് വേണ്ടി വാദിക്കാൻ എത്തിയത് സംഘപരിവാർ ഗൂഡാലോചനയുടെ ഭാഗമാണ് എന്ന് വേണം കരുതാൻ.

Image result for advocate aiswarya bhatti

കേസിനെ അട്ടിമറിച്ച് ഹാദിയയുടെ മോചനം അസാധ്യമാക്കുവാനും ലൗ ജിഹാദ് പുകമറ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണം ഉണ്ടാക്കുവാനുമുള്ള   സംഘപരിവാർ ഗൂഡാലോചനയാണ് ഇതിലൂടെ വെളിവാകുന്നത്.

കൂടാതെ തൃപ്പൂണിത്തുറ ഘർവാപ്പസി കേസിലും സംഘപരിവാർ കക്ഷികൾ ഇടപെടലുകൾ ശക്തമാക്കിയിട്ടുണ്ട്.  സി പി ഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ, വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ  തുടങ്ങിയവരടക്കം പ്രമുഖർ തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രത്തിനെതിരെ പ്രതികരിച്ചിരുന്നു എങ്കിലും  പോലീസ് കോടതിയിൽ യോഗാ സെന്ററിന് അനുകൂലമായ നിലപാട് ആണ് കൈക്കൊള്ളുന്നത്. കേസിൽ തെളിവുമായി രംഗത്തു വന്ന യോഗ സെന്റർ മുൻ ജീവനക്കാരൻ കൃഷ്ണകുമാറിനെതിരെ കേസ് ഉള്ളതിനാൽ അയാളുടെ വാദങ്ങൾ മുഖവിലയ്ക്ക് എടുക്കരുത് എന്നാണ് തൃപ്പൂണിത്തുറ സി ഐ കോടതിയോട് ആവശ്യപ്പെട്ടത്.

 

കടപ്പാട്: ന്യൂസ്‌പോർട്ട്  

Previous ArticleNext Article