Hot, കർണാടക, ദേശീയം, പുതിയ വാർത്തകൾ

ടിപ്പു ജയന്തി; ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജ്യസ്നേഹിയാണ് ടിപ്പു സുൽത്താൻ: കേന്ദ്രമന്ത്രിക്കു മറുപടിയുമായി സിദ്ധരാമയ്യ

ബംഗളൂരു: (www.k-onenews.in) ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട് കർണാടകയിൽ ബിജെപി ഉയർത്തിയ വാദങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രം​ഗത്ത്. ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജ്യസ്നേഹിയാണെന്നും അദ്ദേഹത്തെ കുറിച്ച് കേന്ദ്ര സഹമന്ത്രി ആനന്ദകുമാർ ഹെ​ഗ്ഡെ പഠിക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. ടിപ്പു ഹിന്ദു വിരുദ്ധനും രാജ്യദ്രോഹിയുമാണെന്നും അതിനാൽ തന്നെ പരിപാടിയിലേക്കു ക്ഷണിക്കേണ്ടെന്നുമുള്ള കേന്ദ്ര സഹമന്ത്രി ആനന്ദ്കുമാർ ഹെ​ഗ്ഡെയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ടിപ്പു ജന്മദിനാഘോഷ പരിപാടിയെ അനാവശ്യമായി രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമം. കേന്ദ്രമന്ത്രിയെന്ന നിലയില്‍ ആനന്ദ് കുമാറിനെ ക്ഷണിക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്‍റെ കടമയാണെന്നും അത് തങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് അദ്ദേഹം അത്തരത്തില്‍ ഒരു കത്തെഴുതരുതായിരുന്നു. എല്ലാ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്കും ഞങ്ങള്‍ ക്ഷണക്കത്ത് അയച്ചിരുന്നു. അദ്ദേഹത്തിന് അത് സ്വീകരിക്കാം അല്ലെങ്കില്‍ നിരസിക്കാം”- സിദ്ധരാമയ്യ പറഞ്ഞു.

നവംബര്‍ പത്തിനാണ് കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷം. പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര സഹമന്ത്രി ആനന്ദ്കുമാര്‍ ഹെ​ഗ്ഡെ കത്തയച്ചത്. അക്രമകാരിയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയുമാണെന്നായിരുന്നു കത്തിലൂടെ ആനന്ദ്കുമാറിന്റെ ആരോപണം. നേരത്തെ 2016 ലും ടിപ്പുജയന്തി ആഘോഷങ്ങള്‍ക്കെതിരെ മന്ത്രി ആനന്ത്കുമാര്‍ ഹെഗ്‌ഡേ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാന സർക്കാർ ടിപ്പു ജയന്തി ആഘോഷം നടത്തിവരുന്നു. സംഘപരിവാര്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഇത്തരമൊരു ആഘോഷം നടക്കുന്നത്. കഴിഞ്ഞ വര്‍ഷവും ടിപ്പു ജയന്തിക്കെതിരെ ബിജെപി രം​ഗത്തെത്തിയിരുന്നു. ടിപ്പു ജയന്തി ആഘോഷം ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ച 2015-ല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാർ സംഘടകൾ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു.

 

Previous ArticleNext Article