Hot, ലേഖനം, സൃഷ്ടികള്‍

“കല്യാണപ്പന്തലിൽ മയ്യിത്ത്‌ വീഴുമ്പോൾ”

“കല്യാണപ്പന്തലിൽ മയ്യിത്ത്‌ വീഴുമ്പോൾ”

ലേഖനം :- മുഹമ്മദ്‌ ജാസിം മൗലാക്കിരിയത്ത്‌

( www.k-onenews.in ) :- വിവാഹം എന്നത്‌ കേവലമൊരു ചടങ്ങല്ല
ഒരു തലമുറയുടെ തുടക്കം കുറിക്കുന്ന ഏറെ പവിത്രമായ ചടങ്ങാണത്‌‌.. ലോകത്തെ സകല മതങ്ങളും ഇസങ്ങളും തത്വ സംഹിതകളും ഏറെ വിശുദ്ധവും മഹത്വമേറിയതായും കാണുന്ന ചടങ്ങ്‌.
ആ സന്തോഷ സുദിനത്തെ ബന്ധു മിത്രാദികളും, കൂട്ടു കുടുംബാദികളും, കൂട്ടുകാരും നാട്ടുകാരുമൊക്കെ ഒരു ആഘോഷമാക്കുക സ്വാഭാവികമാണ്.
എന്നാൽ ഏതൊരു ആഘോഷവും അതിരു കവിഞ്ഞാൽ അത്‌ ആഭാസം തന്നെയാണല്ലൊ.

ഈയിടെയായി കാസർഗോഡ്‌ ജില്ലയിലെ കല്യാണ വീടുകൾ വിവാഹാഘോഷങ്ങളുടെ പേരിൽ അനാചാരങ്ങളുടെയും ആഭാസങ്ങളുടെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്,
പുതുതായി ഉത്തരേന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ‘മഞ്ഞക്കല്ല്യാണം’ മുതൽ
ആദ്യരാത്രി ‘പുതിയാപ്ലയെ തട്ടിക്കൊണ്ടു പോവൽ’  വരെയുള്ള ദുശിച്ചു നാറിയ സംസ്കാരം ഇവിടെ പിറവിയെടുത്തിരിക്കുന്നു.
ഇത്തരം പേക്കൂത്തുകൾ കൊണ്ട്‌ എന്താണു നമ്മുടെ യുവത്വം ഉദ്ധേശിക്കുന്നത്??‌‌

സ്വന്തം പേരക്കുട്ടിയുടെ കല്യാണപ്പന്തലിലാണ് ഒരു വന്ദ്യ വയോധികൻ കഴിഞ്ഞ ദിവസം നെഞ്ച്‌ പൊട്ടി മരിച്ചത്‌, തന്റെ പൊന്നുമോൾക്ക്‌ അണിയിച്ചൊരുക്കിയ മണിയറ പുതിയാപ്പിളയെ കൂടെവന്ന കൂട്ടുകാർ ‘തല്ലിപ്പൊളിക്കുന്നത്‌’ ചോദ്യം ചെയ്യവേ ആണ് മഹ്മൂദ്‌(70) എന്ന ഉപ്പാപ്പ അന്ത്യശ്വാസം വലിക്കേണ്ടി വന്നത്‌.
ഏതെങ്കിലുമൊരു പിതാവ്‌ കഷ്ടപ്പെട്ട്‌ ഏറെ ആശിച്ച്‌‌ തന്റെ മോൾക്ക്‌ ഒരു മണിയറ ഒരുക്കിയാൽ അതൊക്കെ തല്ലിപ്പൊളിക്കാൻ നിനക്കൊക്കെ ആരാടോ ലൈസൻസ്‌ തന്നത്‌??(ലോണെടുത്ത്‌ മകളെ കെട്ടിച്ചയച്ച പിതാവിനു പോലും ഈ അവസ്ഥ വന്നിട്ടുണ്ട്‌)

രണ്ടുദിവസം മുൻപ്‌ ഉപ്പളയിൽ നിന്നും പോലീസ്‌ കസ്റ്റഡിയിലെടുത്തതാവട്ടെ ആദ്യരാത്രി പുതിയാപ്ലയെ തട്ടിക്കൊണ്ടു വന്ന ചങ്ങാതിമാരെന്ന തെമ്മാടിക്കൂട്ടത്തെയാണ്..
ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ആദ്യരാത്രിയിൽ പുതിയാപ്പിളയെ കൂട്ടിക്കൊണ്ടു വന്ന് പുലർച്ചെയാവോളം വണ്ടിയിലിട്ട്‌ കറക്കുമ്പോൾ വീട്ടിലെ മണിയറയിൽ ഏറെ സ്വപ്നങ്ങളുമായി ഒരു പെണ്ണ് കാത്തിരിക്കുന്നത്‌ നിങൾ മറന്നോ??

അറ തല്ലിപ്പൊളിക്കൽ എന്ന തെമ്മാടിത്തരം ചെക്കന്റെ കൂട്ടുകാരുടെ വകയാണെങ്കിൽ, പുതുമണവാട്ടിയെ റാഗ്‌ ചെയ്യുന്ന പരിപാടി പലയിടത്തും പെണ്ണുങ്ങളാണു ഏറ്റെടുത്തിരിക്കുന്നത്‌,, എവിടെയാണ് കൂട്ടരേ നിങ്ങൾക്കിതിനൊക്കെ മാതൃക.. ഇനിയെന്നാണു നമ്മൾ മാറ്റത്തിനു തയ്യാറാവുക.

ആർഭാടങ്ങളുടെയും ധൂർത്തിന്റെയും അനാചാരങ്ങളുടെയും ആഭാസങ്ങളുടെയും  മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ ഒരു ജനതയുടെ സംസ്കാരത്തെയാണു നിങ്ങളുടെ ചെയ്തികൾ മൂലം നിരന്തരം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന് ഓർക്കുക.

സമുദായത്തിനും നാടിനും ഉപകരിക്കേണ്ട യുവത്വം ഇങ്ങനെ അരാജക്ത്വവാദികളായി മാറുന്നതിനെ എന്ത്‌ ഓമനപ്പേരിട്ടു വിളിച്ചാലും ഓരോ നാട്ടിലെ മഹല്ല് കമ്മറ്റികൾക്കും അന്നാട്ടിലെ മുതിർന്നവർക്കുമുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.. യുവാക്കളെ നിയന്ത്രിക്കേണ്ട പല മുതിർന്ന ആളുകളും അതൊക്കെ ആസ്വദിക്കുന്നുണ്ടെന്നത്‌ തീർച്ച.. അല്ലെങ്കിൽ അവർക്ക്‌ ഇത്ര സ്വൈര്യവിഹാരം നടത്താൻ അവർക്കാവില്ല.

ഇനിയൊരു പിതാവും കല്യാണപ്പന്തലിൽ പിടഞ്ഞു വീഴരുത്‌, ഇനിയൊരു പെണ്ണും ആദ്യരാത്രിയിൽ പുതുമാരനെ കാത്ത്‌ ഉറക്കമിളച്ച്‌ നേരം വെളുപ്പിക്കരുത്‌.
ഈയവസരത്തിൽ ഇത്തരം പേക്കൂത്തുകൾക്ക്‌ അറുതി വരുത്താൻ യുവാക്കൾ തന്നെയാണു മുന്നിട്ടിറങ്ങേണ്ടത്‌, ഇവരെ പിടിച്ചു കെട്ടുക തന്നെ വേണം.
സമുദായത്തിനും നാടിനും ഉപകരിക്കേണ്ട യുവത്വം ഇങ്ങനെ അരാജക്ത്വവാദികളായി മാറുന്നതിനെ എന്ത്‌ ഓമനപ്പേരിട്ടു വിളിച്ചാലും ഓരോ നാട്ടിലെ മഹല്ല് കമ്മറ്റികൾക്കും അന്നാട്ടിലെ മുതിർന്നവർക്കുമുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.. യുവാക്കളെ നിയന്ത്രിക്കേണ്ട പല മുതിർന്ന ആളുകളും അതൊക്കെ ആസ്വദിക്കുന്നുണ്ടെന്നത്‌ തീർച്ച.. അല്ലെങ്കിൽ അവർക്ക്‌ ഇത്രയും സ്വൈര്യവിഹാരം നടത്താൻ അവർക്കാവില്ല.

വിവാഹാഘോഷങ്ങളൊക്കെ പോലീസ്‌ ഉദ്യോഗസ്ഥർ ഇടപെട്ട്‌ മാന്യമായി നടത്തേണ്ടി വരുന്നതൊക്കെ സമൂഹത്തിന്റെ അധ:പതനത്തിന്റെ അങ്ങേയറ്റമാണെന്നെങ്കിലും തിരിച്ചറിയുക.
സ്വയം ഒരു പരിവർത്തനത്തിനു നാം തയ്യാറാവാത്ത കാലത്തോളം ദൈവം നമ്മളെ മാറ്റുകയില്ലെന്ന് സ്വന്തത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുക.

Previous ArticleNext Article