Hot, കേരളം, പുതിയ വാർത്തകൾ

“കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളില്‍ നിന്ന് വീണ്ടെടുക്കുക” എസ് ഡി പി ഐ അവകാശ പ്രഖ്യാപനം നാളെ

തിരുവനന്തപുരം: ( www.k-onenews.in ) കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളില്‍ നിന്ന് വീണ്ടെടുക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ കേരള പിറവി ദിനമായ നാളെ (നവംബര്‍ ഒന്ന്) മണ്ഡലം തലങ്ങളില്‍ അവകാശ പ്രഖ്യാപനം നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍.
1947 നു ശേഷവും കേരളത്തിന്റെ ഭൂമേഖലയില്‍ വൈദേശികാധിപത്യം നിലനില്‍ക്കുകയാണ്. കേരളത്തിന്റെ റവന്യൂ ഭൂമിയുടെ 58 ശതമാനം, അതായത് 5 ലക്ഷത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ പതിനേഴ് ലക്ഷത്തിലേറെ ഏക്കര്‍ സ്ഥലം തോട്ട ഭൂമിയായി സ്വദേശ-വിദേശ കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും കാര്യമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഭൂമി കയ്യേറ്റങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതില്‍ മത്സരിക്കുകയാണ് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.
76,000 ഏക്കര്‍ ഭൂമിയില്‍ ഹാരിസണ്‍സിന് അവകാശമില്ല എന്ന 2005 ലെ ലാന്റ് റവന്യൂ കമ്മീഷണര്‍ നിവേദിത പി ഹരന്റെ റിപ്പോര്‍ട്ടും ഹാരിസണ്‍സിന്റെ ഭൂമി സര്‍ക്കാരിന്റെ ഭൂമിയാണെന്ന 2010 ലെ അസിസ്റ്റന്റ് ലാന്റ റവന്യ കമ്മീഷന്‍ സജിത്ത് ബാബുവിന്റെ റിപ്പോര്‍ട്ടും ഹാരിസണ്‍സിന്റെ കയ്യിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന ജസ്റ്റീസ് എല്‍.മനോഹരന്റെ റിപ്പോര്‍ട്ടും കൈവശം വെച്ച് അനങ്ങാതിരിക്കുകയാണ് സര്‍ക്കാര്‍.
2013 ഫെബ്രുവരി 16 ന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറിനെ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനങ്ങാപ്പറ നയം സ്വീകരിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാറിന് വേണ്ടി ശക്തിയുക്തം കേസ് വാദിച്ച അഡ്വ.സുശീല ആര്‍ ഭട്ടിനെ ഒഴിവാക്കുകയും, ഭൂമി മുറിച്ച് വിറ്റ കേസില്‍ ഹാരിസന്‍സിന്റെ നടപടികള്‍ ശരിയാണെന്ന് കോടതിയില്‍ വാദിച്ച രഞ്ജിത് തമ്പാനെ അസി: ഏ.ജിയാക്കിയും പിണറായി സര്‍ക്കാര്‍ തങ്ങളുടെ കോര്‍പ്പറേറ്റു വിധേയത്വം പ്രകടിപ്പിച്ചു കഴിഞ്ഞു.
കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് കൂട്ടു നില്‍ക്കുകയാണ് സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഭൂമി സ്വദേശ-വിദേശ കുത്തകകളില്‍ നിന്നും വീണ്ടെടുത്ത് മുഴവന്‍ ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അവകാശ പ്രഖ്യാപനവുമായി സഹകരിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Previous ArticleNext Article