Hot, കേരളം, പുതിയ വാർത്തകൾ

ചരിത്രമെഴുതിയത് കെ.ടി ജലീല്‍ മാത്രമല്ല; ജലീലിന് മുമ്പേ ലീഗ് എംഎല്‍എ പികെ ബഷീര്‍ ശബരിമലയില്‍ എത്തി

തിരുവനന്തപുരം: ( www.k-onenews.in ) ശബരിമല സന്ദര്‍ശിച്ച ആദ്യ മുസ്ലിം മന്ത്രി കെ.ടി ജലീല്‍ തന്നെയാണ്. ശബരിമലയില്‍ കാലുകുത്തുന്ന ആദ്യ മുസ്ലീം മന്ത്രി എന്ന നേട്ടവും ജലീല്‍ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍, ജലീലിന് മുന്നേ കേരള നിയമസഭയിലെ ഒരു മുസ്ലിം എംഎല്‍എ മലചവിട്ടിയിരുന്നു. മുസ്ലീം ലീഗ് നേതാവും ഏറനാട് എംഎല്‍എയുമായ പികെ ബഷീറാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ആം തിയ്യതി ശബരിമല സന്ദര്‍ശിച്ചത്.

ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിയമസഭ സമിതി അംഗമായ ബഷീര്‍ അമ്പലം കേന്ദ്രീകരിച്ച് നിയമസഭയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു സന്ദര്‍ശനം നടത്തിയത്. തന്റെ സന്ദര്‍ശനം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും അന്നത് വലിയ വാര്‍ത്തയായില്ല.

പതിനെട്ടാം പടിയ്ക്ക് സമീപത്തും ക്ഷേത്രത്തിനടുത്ത് നിന്നുമടക്കമുള്ള ചിത്രങ്ങള്‍ സഹിതം അന്ന് തന്നെ എംഎല്‍എ പോസ്റ്റ് ചെയ്യുകയായിരുന്നു. 777 ഷെയറാണ് പോസ്റ്റിന് ലഭിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ വന്നു ചേരുന്ന ഒരിടത്ത് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അവസരം കിട്ടുക എന്നത് തികച്ചും സന്തോഷം നല്‍കിയ കാര്യമായിരുന്നു എന്ന് പറഞ്ഞ എംഎല്‍എ, ഭക്തജനങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ഫലം കിട്ടുന്നുണ്ടോയെന്നറിയാന്‍ ഒരിക്കല്‍ കൂടി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Previous ArticleNext Article