Hot, ദേശീയം, പുതിയ വാർത്തകൾ

ഭോപ്പാലിൽ തടവുചാടിയ എട്ട് സിമി പ്രവർത്തകരെ വെടിവെച്ചുകൊന്നു; കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിലെന്ന് പൊലീസ്; കൊല്ലപ്പെട്ടവരിൽ വാഗമൺ കേസ് പ്രതിയും

ഭോപ്പാല്‍: ( www.k-onenews.in ) ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവു ചാടിയ വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചു കൊന്നു. എയിന്ത്കേദിയില്‍ വച്ച് ഏറ്റുമുട്ടലിലാണ് എട്ടുപേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. ജയില്‍ ഗാര്‍ഡിനെ കഴുത്തറുത്ത് കൊന്ന ശേഷം ഇവര്‍ ജയില്‍ചാടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാംപിലെ പ്രതിയും ഉള്‍പ്പെടും.

ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സിമി പ്രവര്‍ത്തകര്‍ തടവുചാടിയത്. ജയില്‍ ഗാര്‍ഡായ രാമശങ്കര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്ന ശേഷം ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ജയിലിന്റെ കൂറ്റന്‍മതില്‍ ചാടിക്കടക്കുകയായിരുന്നുവെന്ന് ഭോപ്പാല്‍ ഡിഐജി രമണ്‍ സിങ് പറഞ്ഞു. ഭോപ്പാല്‍ ജയിലിലെ ബി ബ്ലോക്കിലായിരുന്നു ഇവരെ പാര്‍പിച്ചിരുന്നത്. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തെരച്ചിലിനിടെ ഭോപ്പാലിലെ എയിന്ത്കേദി ഗ്രാമത്തില്‍വെച്ച് കണ്ടെത്തുകയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയുമായിരുന്നു.

എട്ട് തടവുകാരെയും ഞങ്ങള്‍ കണ്ടെത്തി. അവര്‍ ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. തിരിച്ച് നടത്തിയ വെടിവെപ്പില്‍ എട്ടാളുകളും കൊല്ലപ്പെട്ടു.

യോഗേഷ് ചൗധരി, ഭോപ്പാല്‍ ഐജി

പ്രതികളെ ഭോപ്പാലിലെ എയിന്ത്കേദി ഗ്രാമത്തില്‍വെച്ച് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു
പ്രതികളെ ഭോപ്പാലിലെ എയിന്ത്കേദി ഗ്രാമത്തില്‍വെച്ച് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നു

സിമി ബന്ധം ആരോപിക്കപ്പെടുന്ന പ്രതികള്‍ക്കെതിരെ ബാങ്ക് കൊള്ള, കൊലപാതകം, രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഷെയ്ഖ് മുജീബ്, മുഹമ്മദ് ഖാലിദ് അഹ്മദ്, അകീല്‍, സാകിര്‍ ഹുസൈന്‍ സാദിഖ്, മുഹമ്മദ് സാലിക്, മാജിദ്, മെഹബൂബ് ഗുഡ്ഡു, അംജദ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകര്‍. 2013ല്‍ തെലങ്കാനയില്‍ നിന്നും ജയില്‍ ചാടിയവരാണ് ഇതില്‍ മൂന്ന് പേരെന്നും പൊലീസ് പറയുന്നു.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. മധ്യപ്രദേശിലെ ഏറ്റവും സുരക്ഷയുള്ള ജയിലാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍. സിമി കേസുകളിലെ വിചാരണ തടവുകാരില്‍ കൂടുതല്‍ പേരെയും ഈ ജയിലിലാണ് പാര്‍പിച്ചിരിക്കുന്നത്.

2013ലും ഏഴ് സിമി പ്രവര്‍ത്തകര്‍ ഭോപ്പാലിലെ ഖാന്ദ്വ ഖാന്ദ്വാ ജയിലില്‍ നിന്നും കുളിമുറിയുടെ ഭിത്തി തകര്‍ത്ത് ജയില്‍ ചാടിയിരുന്നു. ഇതില്‍ അഞ്ച് പേരെ പിടികൂടി. രണ്ട് പേര്‍ തെലങ്കാനാ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നിരോധിത ഇസ്ലാമിക സംഘടനയാണ് സിമി.

ഹെഡ് കോണ്‍സ്റ്റബിള്‍ രാമശങ്കര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്റെ കൂറ്റന്‍ മതിലില്‍ കയറിയാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്ന് ഭോപ്പാല്‍ ഡിഐജി രമണ്‍ സിങ് വ്യക്തമാക്കി. കഴുത്തില്‍ സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും കൊണ്ടുള്ള മുറിവാണ് ഗാര്‍ഡിന്റെ മരണത്തിന് കാരണം.

കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാംപ് പ്രതിയും

ഭോപ്പാലില്‍ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ എട്ട് സിമി പ്രവര്‍ത്തകരില്‍ ഒരാള്‍ വാഗമണ്‍ സിമി ക്യാംപ് പ്രതിയാണ്. ഗുഡ്ഡു എന്ന മെഹബൂബ് ഷെയ്ഖ് വാഗമണ്‍ കേസില്‍ 31ാം പ്രതിയാണ്. കേരളത്തിലെ തെളിവെടുപ്പിന് ശേഷം ഇയാള്‍ തടവു ചാടിയിരുന്നു. പിന്നീട് തെലങ്കാനയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

സുരക്ഷാ വീഴ്ച്ച

സംഭവത്തെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ജയിലിന്റെ സുരക്ഷയില്‍ വീഴ്ച്ച വരുത്തിയതിന് ജയില്‍ ഡിഐജി, എഡിജ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ജയിലിലെ സുരക്ഷാ വീഴ്ച്ചയും തടവു ചാട്ടവും ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.

Previous ArticleNext Article