Hot, ദേശീയം, പുതിയ വാർത്തകൾ

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയേറുന്നു; സംശയമുന്നയിച്ച് രാഷ്ട്രീയ നേതൃത്വവും അഭിഭാഷകരും

ഭോപ്പാല്‍: ( www.k-onenews.in ) ഭോപ്പാല്‍ ജയിലില്‍ വിചാരണത്തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെയാണ് വിചാരണത്തടവുകാരായ പ്രതികള്‍ കൊല്ലപ്പെട്ടതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറയുന്നു. അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടുവെന്ന വാദത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

പ്രതികള്‍ ജയില്‍ ചാടിയതാണോ ആരെങ്കിലും ജയില്‍ ചാടിച്ചതാണോ എന്നാണ് ഇതേകുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങിന്റെ ചോദ്യം. ഇത് ഗൗരവമേറിയ വിഷയമാണ്. നേരത്തെ സിമി പ്രവര്‍ത്തകര്‍ ഖാന്ദ്വാ ജയില്‍ ചാടി. ഇപ്പോള്‍ ഭോപ്പാല്‍ ജയിലും. ഇതെങ്ങനെ ആവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു. ഏറ്റുമുട്ടല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ദ്വിഗ്‌വിജയ് സിങ് ആരോപിച്ചു. പ്രതികളെല്ലാം ഒരേ സ്ഥലത്ത് എങ്ങനെയെത്തിയെന്ന് ആം ആദ്മി പാര്‍ട്ടിയും സംശയം പ്രകടിപ്പിക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടത്.

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ 
ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ 

കേസില്‍ വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകം ദുരൂഹമാണെന്നാണ് പ്രതികളുടെ അഭിഭാഷകര്‍ പറയുന്നത്. കേസില്‍ ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ ഇതുവരെ സര്‍ക്കാരിന് ആയിട്ടില്ല. അനുകൂലമായ വിധി കാത്തിരിക്കുന്നവര്‍ക്ക് തടവ് ചാടേണ്ട ആവശ്യവുമില്ല. ഇവര്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം മജിസ്‌ട്രേറ്റ് കോടതി തള്ളിയതാണ്. എന്നാല്‍ യുഎപിഎ ചുമത്തിയത് കാരണം പ്രത്യേക കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതികള്‍ കുറ്റവിമുക്തരാകുമെന്ന കാര്യം തനിക്ക് ഉറപ്പായിരുന്നെന്നും അവരും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം പ്രകടിപ്പിച്ചിരുന്നെന്നും അഭിഭാഷകന്‍ തഹാവുര്‍ ഖാന്‍ പറയുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും നിസ്പക്ഷമായ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു.

ഏറ്റുമുട്ടലിലെ ദുരൂഹതകള്‍; അറിഞ്ഞതും അറിയേണ്ടതും

1- അറിഞ്ഞത്: ജയില്‍ ഗാര്‍ഡിനെ സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ആയുധമാക്കി വധിക്കുകയും മറ്റൊരാളെ ബന്ദിയാക്കുകയും ചെയ്ത ശേഷം എട്ട് സിമി പ്രവര്‍ത്തകര്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി തടവുചാടിയെന്നാണ് പൊലീസ് പറയുന്നത്.

അറിയേണ്ടത്: അതീവ സുരക്ഷയുള്ളതാണ് സെന്‍ട്രല്‍ ജയില്‍. ഇവിടെ രണ്ട് ഗാര്‍ഡുമാര്‍ മാത്രമാണോ രാത്രി തടവുകാരുടെ നിരീക്ഷണത്തിനുള്ളത്. ഏഴ് തലത്തിലുള്ള സുരക്ഷാ സംവിധാനം ജയിലിലുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഒരു ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷം അനായാസം ഇവര്‍ക്ക് എങ്ങനെ ജയില്‍ ചാടാനായി?

2-അറിഞ്ഞത്: പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഭോപ്പാല്‍ ഐജി യോഗേഷ് ചൗധരി പറയുന്നു.

അറിയേണ്ടത്: പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ ജയില്‍ ചാടിയെന്നാണ് പൊലീസ് പറയുന്നത്. രാവിലെ എട്ടുമണിയോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതിനിടയില്‍ ഇവരുടെ ചിത്രങ്ങള്‍ പോലും പുറത്തുവന്നിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ രാവിലെ തന്നെ നാട്ടുകാര്‍ക്ക് എങ്ങനെയാണ് ഈ എട്ടുപേരും ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞത്? ജയില്‍ ചാടിയ പ്രതികള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കൂട്ടം ഒഴിവാക്കി ഒറ്റയ്ക്ക് പോകാറാണ് പതിവ്. ഇവരുടെ യാത്ര ഒരുമിച്ച് തന്നെയായിരുന്നോ?

3- അറിഞ്ഞത്: പുലര്‍ച്ചെ രണ്ട് മണിക്ക് എട്ട് പേരും ചേര്‍ന്ന് ജയില്‍ ഗാര്‍ഡ് രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

അറിയേണ്ടത്: പുലര്‍ച്ചെ രണ്ട് മണിക്ക് സാധാരണ ഗതിയില്‍ തടവുകാര്‍ സെല്ലുകളില്‍ കഴിയുന്ന സമയമാണ്. സെല്ലുകളില്‍ കഴിയുന്ന ഇവര്‍ എങ്ങനെ പുറത്തുകടന്നുവെന്നതിന് വ്യക്തമായ വിശദീകരണം ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ല.

4- അറിഞ്ഞത്: ദീപാവലി ദിനം തടവുകാര്‍ ജയില്‍ ചാടാന്‍ തെരഞ്ഞെടുത്തു.

അറിയേണ്ടത്: ദീപാവലി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യമൊട്ടാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതാണ്. സിമി ബന്ധം ആരോപിക്കപ്പെടുന്ന തടവുകാരെ പാര്‍പ്പിച്ച ജയിലില്‍ ഇത്രയും വലിയ സുരക്ഷാ വീഴ്ച്ച എങ്ങനെ ഉണ്ടായി.

5- അറിഞ്ഞത്: ജീന്‍സും സ്‌പോര്‍ട്‌സ് ഷൂവും ധരിച്ച തരത്തിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയത്.

അറിയേണ്ടത്: വിചാരണ തടവുകാരായതിനാല്‍ പ്രതികള്‍ക്ക് സാധാരണ വസ്ത്രം ധരിക്കാം. ജീന്‍സും ഷര്‍ട്ടും ഷൂസും വാച്ചും അണിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. സെല്ലുകളില്‍ കഴിയുന്നവര്‍ക്ക് ഷൂസും വാച്ചും അണിയാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചിരുന്നോ?

6- അറിഞ്ഞത്: തടവു ചാടിയ പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തുവെന്ന് പൊലീസ് പറയുന്നു.

അറിയേണ്ടത്: വെടിയുതിര്‍ക്കാന്‍ ജയില്‍ ചാടിയവര്‍ക്ക് എവിടെനിന്ന് ആയുധം ലഭിച്ചു. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. പുറത്തുവന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുനിന്ന് ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നതുമാണ്. പൊലീസിന്റെ വിശദീകരണവും ദൃശ്യങ്ങളും പൊരുത്തക്കേടുണ്ടാക്കുന്നു. ഇവരെ പുറത്തുനിന്ന് മറ്റാരെങ്കിലും സഹായിച്ചുവോ? കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ എട്ടുപേരല്ലാതെ മറ്റാരുടെയും പേരുകളില്ല. ആയുധം നല്‍കിയ ശേഷം സഹായികള്‍ മറഞ്ഞുവോ?

Previous ArticleNext Article