ദേശീയം, പുതിയ വാർത്തകൾ

പോലിസ് ഭാഷ്യം പൊളിയുന്നു സിമി പ്രവര്‍ത്തകരെ വെടിവയ്ക്കുന്ന വീഡിയോ പുറത്ത്;

ഭോപ്പാല്‍: ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെന്ന പേരില്‍ പോലിസ് എട്ട് യുവാക്കളെ വെടിവച്ച് കൊന്ന സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. പോലിസ് ഭാഷ്യം നുണയാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണിത്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രാമീണന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ആണ് പുറത്തുവന്നത്. സിമി പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍ പോലിസ് വെടിവയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. നിലത്ത് അട്ടിയിട്ട രീതിയില്‍ കിടക്കുന്ന സിമി പ്രവര്‍ത്തകര്‍ക്കു നേരെ മരണം ഉറപ്പിക്കാനെന്ന രീതിയില്‍ പോലിസ് വെടിവയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ദൃശ്യത്തില്‍ ഇവരുടെ സമീപത്ത് തോക്ക് ഇല്ലെന്നതും ശ്രദ്ധേയമാണ്. കൊല്ലപ്പെവരുടെ ശരീരത്തില്‍ നിന്ന് ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കത്തി വലിച്ചെടുക്കുന്നുണ്ട്. പ്രതികള്‍ പോലിസിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ഭോപ്പാല്‍ ഐജി യോഗേഷ് ചൗധരി അവകാശപ്പെട്ടതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. വീഡോയില്‍ നിന്നുള്ള ശബ്ദത്തില്‍ ഏറ്റുമുട്ടല്‍ സ്ഥലത്ത് പോലിസ് മാത്രമല്ല ഉണ്ടായിരുന്നത് എന്ന് വ്യക്തമാകുന്നുണ്ട്. ഇത് സമീപത്തുണ്ടായിരുന്ന ഗ്രാമീണരുടേതാകാമെന്നാണ് സൂചന.
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന രക്ഷപ്പെട്ട എട്ട് പേരെ ഭോപ്പാലിന് പുറത്ത് അച്ചാര്‍പുര ഗ്രാമത്തിലാണ് വെടിവച്ചുകൊന്നതെന്ന് മധ്യപ്രദേശ് പോലിസ് പറയുന്നു.
കോണ്‍ഗ്രസ്സും സിപിഎമ്മും സംഭവത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ഇത്രയും പ്രധാനപ്പെട്ട കേസില്‍പ്പെട്ട ഭീകര്‍ അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് എങ്ങിനെയാണ് രക്ഷപ്പെട്ടതെന്നും മണിക്കൂറുകള്‍ക്കകം അവര്‍ എങ്ങിനെ വെടിവച്ചുകൊല്ലപ്പെട്ടുവെന്നും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ലോക്‌സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യം അങ്ങേയറ്റം സംശയാസ്പദമാണെന്ന് സിപിഎം നേതാവ് ബ്രിന്ദ കാരാട്ട് പറഞ്ഞു. സത്യം പുറത്തുവരാന്‍ ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.

Previous ArticleNext Article