Hot, കേരളം, പുതിയ വാർത്തകൾ

ദർശന ചാനലിലും ജീവനക്കാരുടെ പടയൊരുക്കം ; മൂന്ന് മാസമായി ശമ്പളമില്ലെന്ന് ആരോപണം

കോഴിക്കോട്: ( www.k-onenews.in ) ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിനു പിന്നാലെ ഇ കെ സുന്നി വിഭാഗത്തിന്റെ ദര്‍ശന ടിവിയിലും വന്‍ പൊട്ടിത്തെറി. ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുടെ നിഷേധവും പതിവായതോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദര്‍ശന ടിവിയിലെ ജീവനക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങുകയാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ചാനലിന്റെ തകർച്ചക്ക് വഴിവെക്കാവുന്നതാണ് അസംതൃപ്തരായ ജീവനക്കാരുടെ കൂട്ടായ പടയൊരുക്കം.

സത്യധാര കമ്മീഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥയില്‍ അഞ്ച് വര്‍ഷം മുമ്പാണ് ഇകെ വിഭാഗം സുന്നികളുടെ പോഷക സംഘടനയായ എസ്‌കെഎസ്എസ്എഫ്, ദര്‍ശന പ്രോഗ്രാം ചാനല്‍ ആരംഭിക്കുന്നത്. 55 ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിയമപരമായി ലഭിക്കേണ്ട യാതൊരു ആനുകൂല്യം നൽകുന്നില്ലെന്നാണ് ജീവനക്കാരുടെ ആക്ഷേപം. തൊഴില്‍ സുരക്ഷയില്ലായ്മക്കൊപ്പം‍ ശമ്പളം മുടങ്ങുന്നതും പതിവായതോടെയാണ് ജീവനക്കാര്‍ മാനേജ്‌മെന്റിനെതിരെ തിരിഞ്ഞിരിക്കുന്നത്.

മാനേജ്‌മെന്റിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ നിരവധി പേരെ ഇക്കാലയളവില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതായി ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം സ്ഥാപനത്തിൽനിന്ന് രാജിവച്ച വേളയില്‍ വിഷ്വല്‍ എഡിറ്ററായിരുന്ന തരുണ്‍ ലേബര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. രണ്ടുമാസത്തെ ശമ്പളം നിഷേധിച്ചതിനെത്തുടര്‍ന്നാണ് തരുൺ ലേബർ കോടതിയെ സമീപിച്ചത്. ഈ കേസ് തുടരുന്നതിനിടെയാണ് കൂടുതൽ ജീവനക്കാർ സംയുക്തമായി കേസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയനുമായി ആലോചിച്ച് ചാനൽ ആസ്ഥാനത്തേക്ക് മാര്‍ച്ചും മറ്റ് സമരപരിപാടികളും ജീവനക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്.

ഇങ്ങനെയുമൊരു തൊഴില്‍ സ്ഥാപനം!

തൊഴിൽ മാനദണ്ഡങ്ങളുടെ ലംഘനം വർഷങ്ങളായി ദർശന ചാനലിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്. ജോലിയില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള കത്ത്, കരാറെന്നോ സ്ഥിര ജീവനക്കാരെനെന്നോ കാണിക്കുന്ന രേഖകള്‍ തുടങ്ങിയവയൊന്നും കുറെക്കാലമായി ജീവനക്കാര്‍ക്ക് നല്‍കാറില്ല.

പിഎഫ്, 15,000 രൂപയ്ക്ക് താഴെ ശമ്പളമുള്ളവര്‍ക്ക് ഇഎസ്‌ഐ, ഇന്‍ക്രിമെന്റ് വര്‍ധന, വാര്‍ഷിക ബോണസ് തുടങ്ങിയ നിയമപരമായ ആനുകൂല്യങ്ങളും ലംഘിക്കപ്പെട്ടു വരികയാണ്. ജീവനക്കാരുടെ നിരന്തരമായ ആവശ്യപ്രകാരം 2013ല്‍ 12 പേരെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിരവധി ജീവനക്കാര്‍ ഇക്കാലയളവില്‍ ചികിത്സ തേടിയെങ്കിലും ഒരാള്‍ക്കു പോലും ഇഎസ്‌ഐ ആനുകൂല്യം ലഭിച്ചിട്ടില്ല.

ജീവനക്കാര്‍ ലേബര്‍ കമ്മീഷന്‍, പിഎഫ് അധികൃതര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാലുമാസം മുമ്പുമുതല്‍ പിഎഫ് ഗഡു ശമ്പളത്തില്‍ നിന്ന് പിടിച്ചു തുടങ്ങി. ഈ തുക പ്രൊവിഡണ്ട് ഫണ്ടിൽ അടച്ചെന്നും മാനേജ്‌മെന്റധികൃതര്‍ അറിയിച്ചു. എന്നാല്‍ ജീവനക്കാരിൽ നിന്നു പിടിച്ച തുക പി എഫിൽ അടച്ചിട്ടില്ലെന്നാണ് തങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായതെന്ന് ജീവനക്കാർ നാരദ ന്യൂസിനോട് പറഞ്ഞു.

വനിതാ ജീവനക്കാര്‍ക്ക് മൂന്നുമാസം പ്രസവാവധിയും ധനസഹായവും നല്‍കണമെന്ന വ്യവസ്ഥയും ചാനൽ ലംഘിച്ചതായി ജീവനക്കാർ ആക്ഷേപമുന്നയിക്കുന്നു. പ്രസവാവധിക്ക് പോയ ജീവനക്കാരിക്ക് മെറ്റേണിറ്റി അലവന്‍സ് നല്‍കിയില്ലെന്നുമാത്രമല്ല, രണ്ടുമാസത്തെ ശമ്പളവും നിഷേധിച്ചു.

ഒട്ടുമിക്ക ജീവനക്കാര്‍ക്കും മൂന്നുമാസത്തെ ശമ്പളം കുടിശ്ശികയുണ്ട്. ചിലര്‍ക്കിത് അഞ്ചുമാസം വരെയാണ്. കിട്ടുന്ന ശമ്പളമാകട്ടെ തുച്ഛമായ തുകയും. സീനിയര്‍ തസ്തികയില്‍ ഉള്ളവര്‍ക്കുപോലും ഏറ്റവും കുറഞ്ഞ ശമ്പളം നല്‍കുന്ന അപൂര്‍വ മാധ്യമസ്ഥാപനങ്ങളിലൊന്നാണ് ദര്‍ശന ടിവി.

എല്ലാ പ്രശ്‌നങ്ങളും അഞ്ചുമാസത്തിനകം പരിഹരിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ തങ്ങള്‍ ചാനലിന്റെ നടപടികളെ പിന്തുണക്കുകയാണെന്ന് കാമറ വിഭാഗത്തിലുള്ളവരില്‍നിന്ന് സിഇഒ ഇടപെട്ട് കത്തെഴുതി വാങ്ങിയിട്ടുണ്ട്. ഇതില്‍ ഒപ്പിടാത്തവരെ പിരിച്ചുവിടാനും നീക്കം തുടങ്ങിക്കഴിഞ്ഞു.

ദര്‍ശനയുടെ ഉദയം

2011ല്‍ തുടക്കംകുറിച്ച ദര്‍ശന ടിവി മുഴുസമയ പ്രോഗ്രാം ചാനല്‍ വിഭാഗത്തിലാണ് ലൈസന്‍സ് സമ്പാദിച്ചത്. തുടക്കകാലം മുതലേ മതാധിഷ്ഠിത പരിപാടികള്‍ക്കാണ് ചാനല്‍ ഊന്നല്‍ നല്‍കിവരുന്നത്.

മുസ്ലിം ലീഗനുകൂല സുന്നികളുടെതെങ്കിലും ചാനലിന്റെ ദൈനംദിന കാര്യങ്ങളില്‍ മുസ്ലിംലീഗ് ഇടപെടാറില്ല. ചാനലിന് നേതൃത്വംനൽകുന്ന എസ്കെഎസ്എസ്എഫിന്റെ മാതൃസംഘടനയായ സമസ്തയും ചാനൽ കാര്യങ്ങളിൽനിന്ന് തല വലിച്ച മട്ടാണ്.

മത വിഷയങ്ങൾക്കൊപ്പം ഇ.കെ.വിഭാഗം സുന്നികളുടെ സംഘടനാപരമായ കാര്യങ്ങൾക്കാണ് പ്രധാനമായും ചാനലിന്റെ സംപ്രേഷണസമയം കാര്യമായും വിനിയോഗിക്കുന്നത്. സിനിമയോ സിനിമാനുബന്ധ പരിപാടികളോ സംപ്രേഷണം ചെയ്യരുതെന്ന് എസ്എകെഎസ്എസ്എഫിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

മീഡിയ വണ്‍ ചാനലിന്റെ മാതൃകയില്‍ പ്രവാസികളുടെ ഫണ്ട് കൊണ്ടുതന്നെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും നിലവില്‍ ബാധ്യതകളൊന്നുമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ശമ്പളം വൈകുന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും മൂന്നുമാസത്തിനകം ജീവനക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്നും ദര്‍ശന ടിവി സിഇഒ സിദ്ധീഖ് ഫൈസി വാളക്കുളം പറഞ്ഞു.

പ്രതിസന്ധികൾക്കിടയിലും ഒരു ന്യൂസ് ചാനല്‍കൂടി തുടങ്ങാനുള്ള ആലോചന മാനേജ്മന്റ് തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഫണ്ടില്ലെന്നുപറഞ്ഞാണ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ചിരിക്കുന്നതെന്നും പിന്നെങ്ങനെ പുതിയ ചാനലിന് പണമുണ്ടായെന്നും ജീവനക്കാര്‍ ചോദിക്കുന്നു.

(നാരദ)

Previous ArticleNext Article