Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

പഴയ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ പിണറായിയെ തിരിഞ്ഞു കുത്തുന്നു ; പ്രതിരോധിക്കാനാവാതെ സിപിഎം അണികളും

തിരുവനന്തപുരം: (www.k-onenews.in)

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയെ സംഘപരിവാർ വിധേയനാക്കി ചിത്രീകരിക്കുന്ന പിണറായി വിജയന്റെ പഴയ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വൈറലാകുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 2014 സെപ്‌തംബർ 30 ന് തന്റെ ഫേസ്‌ബുക്ക്‌ പേജിലാണ് ആഭ്യന്തര വകുപ്പിന്റെ സംഘപരിവാർ വിധേയത്വത്തെ അതിനിശിതമായി വിമർശിക്കുന്ന പ്രസ്താവന പിണറായി പോസ്റ്റ്‌ ചെയ്തത്‌,

“ബിജെപിക്കു മുന്നിൽ വിനീത ദാസനായി നിൽക്കുന്ന രമേശ്‌ ചെന്നിത്തല എന്ന ആഭ്യന്തര മന്ത്രി സംസ്ഥാനത്തിനു അപമാനം” എന്ന വിമർശനമാണു അന്ന് പിണറായി നടത്തിയത്‌. എന്നാൽ ഇന്ന് അതേ ആരോപണമാണ് ഇക്കാര്യത്തിൽ പിണറായി വിജയനും നേരിടുന്നത്‌.
പോലീസ്‌ വകുപ്പ്‌ പൂർണ്ണമായും സംഘപരിവാർ നിയന്ത്രണത്തിലായെന്ന് ഘടകകക്ഷി നേതാക്കൾ പോലും ആക്ഷേപമുന്നയിക്കുമ്പോൾ പ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണു പാർട്ടി നേതൃത്വം.
പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ ഇരട്ടച്ചങ്കൻ എന്ന വിശേഷണമുന്നയിച്ചവർക്കൊക്കെ ഇപ്പൊൾ അഭിപ്രായം മാറ്റേണ്ടി വന്നിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും കഴിവു കെട്ട ആഭ്യന്തര മന്ത്രിയെന്ന നിലയിലേക്കാണു പിണറായി കാര്യങ്ങൾ കൊണ്ടു പോകുന്നതെന്നാണു മറ്റൊരു നിരീക്ഷണം.
സംഘപരിവാറിനെതിരെ ഏറെ പ്രതീക്ഷയോടെ ജനങ്ങൾ അധികാരത്തിലേറ്റിയ ഇടതു സർക്കാരിന്റെ ഇപ്പോഴത്തെ പോക്കിൽ അണികളും അസ്വസ്ഥരാണ്.

മുസ്ലിം സ്ഥാപനങ്ങൾക്കും നേതാക്കൾക്കുമെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്ന ഇടതു സർക്കാർ അതേ പരാതി നിലനിൽക്കുന്ന സംഘപരിവാർ സ്ഥാപനങ്ങളോടും നേതാക്കളോടും മൃദുസമീപനം തുടരുകയാണ്. പാഠ ഭാഗത്തിന്റെ പേരിൽ പീസ്‌ സ്കൂളിനെതിരെ കേസെടുത്ത സർക്കാർ അടുത്തിടെ നടന്ന കൊടിഞ്ഞി ഫൈസൽ വധത്തിൽ ഗൂഢാലോചന നടത്തിയ വിദ്യാനികേതൻ സ്കൂളിനെതിരെ ഇതു വരെ നടപടിയെടുക്കാൻ തയ്യറായിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ആർഎസ്‌എസ്‌ ശാഖകൾ നിരോധിക്കുമെന്ന് നിയമസഭയിൽ ദേവസ്വം മന്ത്രി പറഞ്ഞിരുന്നെങ്കിലും അതും വെറും വാചകക്കസർത്ത്‌ മാത്രമായി വിഴുങ്ങിയെന്നാണു മറ്റൊരു ആക്ഷേപം.

സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച്‌ ആയുധ പരിശീലനം നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നേരിട്ട്‌ പരാതി നൽകിയിട്ടും, പാർട്ടി ചാനൽ തെളിവു സഹിതം വീഡിയോ പുറത്തു വിട്ടിട്ടും നടപടിയൊന്നുമില്ലാത്തത്‌ പ്രവർത്തകരെ അമ്പരപ്പിച്ചിരിക്കയാണ്. സോഷ്യൽ മീഡിയയിൽ ഇതുവരെ പിണറായിയെ ന്യായീകരിച്ചവരൊക്കെ ഇപ്പോൾ പ്രതിരോധിക്കാനാവാതെ പിൻവലിഞ്ഞ കാഴ്ച്ചയാണു കാണുന്നത്‌.

Previous ArticleNext Article