Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ആശുപത്രി പരിസരത്തെ വെടിക്കെട്ട്‌ ; സംഘാടകർക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യമുയരുന്നു

കാസർഗോഡ്‌ : (www.k-onenews.in)

കഴിഞ്ഞ ദിവസം കാസർഗോഡ്‌ മാലിക്‌ ദീനാർ ആശുപത്രി പരിസരത്ത്‌ വെടിക്കെട്ട്‌ നടത്തിയവർക്കെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യമുയരുന്നു.

തളങ്കര പള്ളിക്കാൽ ക്രിക്കറ്റ്‌ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിസ: 27,28,29 തീയതികളിലായി മാലിക്‌ ദീനാർ ഗ്രൗണ്ടിൽ സംഘടിപ്പിച്ച‌ ക്രിക്കറ്റ്‌ മാമാങ്കത്തിലാണു വെടിക്കെട്ട്‌ നടന്നത്‌‌. ഇന്ത്യൻ ക്രിക്കറ്റ്‌ താരം യൂസുഫ്‌ പത്താൻ ഉൽഘാടനം ചെയ്ത ടൂർണ്ണമെന്റിൽ ജില്ലാ കളക്ടറും പോലീസ്‌ മേധാവിയുമടക്കം‌ പ്രമുഖരുടെ നീണ്ട നിര തന്നെ അതിഥികളായെത്തിയിരുന്നു.

ആശുപത്രി പരിസരത്ത്‌ വാഹനങ്ങൾ ഹോൺ മുഴക്കുന്നതു പോലും നിയമ വിരുദ്ധമാണെന്നിരിക്കെ നിരവധി രോഗികളും ഗർഭിണികളുമൊക്കെ ചികിൽസ തേടിയെത്തുന്ന ആശുപത്രി മുറ്റത്ത്‌ ഇത്രയും വലിയൊരു വെടിക്കെട്ടിനു അനുമതി നൽകിയതിനെതിരെ നാട്ടുകാർ രംഗത്തു വന്നു.

രാജ്യത്തെ പ്രശസ്ത ഇസ്ലാമിക തീർത്ഥാടന കേന്ദ്രമായ മാലിക്‌ ദീനാർ ദർഗക്ക്‌ സമീപത്ത്‌ നടന്ന പരിപാടിയുടെ സംഘാടകരിൽ മാലിക്‌ ദീനാർ മസ്‌ജിദ്‌ കമ്മറ്റി ഭാരവാഹികളും ഉൾപെട്ടത്‌ വിശ്വാസികൾക്കിടയിൽ കടുത്ത അമർഷമുണ്ടാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം വെള്ളിയാഴ്ച്ച ഖുതുബ പ്രഭാഷണത്തിൽ സ്ഥലം ഖതീബ്‌ അബ്ദുൽ മജീദ്‌ ബാഖവി സംഘാടകർക്കെതിരേ ആഞ്ഞടിച്ചത് ഇതിന്റെ ഭാഗമാണ്.
‌സംയുക്ത ജമാഅത്ത്‌ ഇവർക്കെതിരെ നടപടിയെടുക്കണമെന്നും വ്യവസായ പ്രമുഖരെയും പ്രമാണിമാരെയും തിരഞ്ഞുപിടിച്ച്‌ പള്ളിക്കമ്മറ്റിയിലും മറ്റു മത സംഘടനകളുടെയും നേതൃസ്ഥാനത്തേക്ക്‌ കൊണ്ട്‌ വരുന്നത്‌ അവസാനിപ്പിക്കണമെന്നും ഒന്നുകിൽ പള്ളിക്കമ്മറ്റി അല്ലെങ്കിൽ ആഭാസക്കമ്മറ്റി എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ട്‌.

സ്ഥലം ഖാസിയും സമസ്ത ജന:സെക്രട്ടറിയുമായ പ്രൊഫ:ആലിക്കുട്ടി മുസ്ല്യാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ഒരു വിഭാഗം യുവാക്കളും ആവശ്യപ്പെടുന്നു. സാധാരണക്കാരനു ഒരു നിയമവും പണക്കാരനു മറ്റൊരു നിയമവും നടപ്പിലാക്കാൻ സംയുക്ത ജമാഅത്ത്‌ കൂട്ടുനിൽക്കരുതെന്നാണു ഇവരുടെ വാദം.

ഏതായാലും മത നേതൃസ്ഥാനം വഹിക്കുന്ന വ്യവസായ പ്രമുഖർ വിശ്വാസികളോട്‌ പരസ്യമായി മാപ്പ്‌ പറഞ്ഞ്‌ വിവാദം അവസാനിപ്പിക്കാനാണു നീക്കമെന്ന് അറിയുന്നു.

Previous ArticleNext Article