Hot, ദേശീയം, പുതിയ വാർത്തകൾ

മലേഗാവ്: രണ്ടു പ്രതികളെ ഭീകരവിരുദ്ധ സേന‌ കൊലപ്പെടുത്തിയെന്ന് മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

മുംബൈ :  (www.k-onenews.in)

2008ല്‍ മലേഗാവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികളെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുന്‍ പോലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പിടികിട്ടാപുള്ളികളായി എടിഎസ് പ്രഖ്യാപിച്ച കേസിലെ മുഖ്യപ്രതികളായ രാമചന്ദ്ര കല്‍സംഗ്‌രെ, സന്ദീപ് ഡാങ്കെ എന്നീ ഹിന്ദുത്വ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥര്‍ വധിച്ചുവെന്നാണ് ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള പോലിസ് ഇന്‍സ്‌പെക്ടര്‍ മെഹബൂബ് മുജാവര്‍ വെളിപ്പെടുത്തിയത്. കേസിലെ പ്രതി സന്ന്യാസിനി പ്രജ്ഞാസിങ് ഠാക്കൂറിനോടൊപ്പം ഭോപാലില്‍ നിന്നു കല്‍സംഗ്‌രെയേയും ഡാങ്കെയേയും അറസ്റ്റ് ചെയ്തിരുന്നുവെന്നും 2008 നവംബര്‍ 26ന് ഇവരെ മുംബൈയില്‍വച്ച് കൊലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് 2016 ആഗസ്ത് 19ന് സോളാപൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തെളിവ് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച മുജാവര്‍ ടൈംസ് നൗ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവരം പുറത്തായത്. മഹാരാഷ്ട്ര പോലിസിലെ മൂന്നു മുതിര്‍ന്ന ഓഫിസര്‍മാരായിരുന്നു കൊലപാതകത്തിനു പിന്നില്‍. അതില്‍ രണ്ടുപേര്‍ ഡയറക്ടര്‍ ജനറല്‍മാരായി വിരമിച്ചു. ഒരാള്‍ ഉയര്‍ന്ന റാങ്കില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഐപിഎസ് ഓഫിസറാണ്. ഒളിവില്‍പോയ പ്രതികളെ കണ്ടെത്തുന്നതിന് മുജാവറിനെയായിരുന്നു എടിഎസ് കര്‍ണാടകയിലേക്കയച്ചത്. കൊലപാതകത്തെ എതിര്‍ത്തതിന് ആയുധ നിയമപ്രകാരം തന്റെ പേരില്‍ വ്യാജ കേസെടുത്തെന്നും മുജാവര്‍ പറഞ്ഞു. 2009 ഏപ്രില്‍ 17നാണ് മുജാവറിനെ അറസ്റ്റ് ചെയ്തത്. മൂന്നുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത മുജാവറിനെ സംസ്ഥാന ഡിജിപി ഓഫിസില്‍വച്ച് പല തവണ ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ചു വാക്കാലും രേഖാമൂലവും തെളിവുകള്‍ മേലാധികാരികള്‍ക്ക് നല്‍കിയിരുന്നതായും മുജാവര്‍ കൂട്ടിച്ചേര്‍ത്തു. മുജാവറിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കുമെന്ന് ഇപ്പോള്‍ കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുജാവര്‍ നേരത്തേ എന്‍ഐഎയുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2008 സപ്തംബര്‍ 29ന് നടന്ന രണ്ടാം മലേഗാവ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുജാവറിന്റെ വെളിപ്പെടുത്തല്‍ മുന്‍ എടിഎസ് മേധാവി കെ പി രഘുവംശി തള്ളി. മുജാവര്‍ എന്ന ആളെ അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Previous ArticleNext Article