Hot, പ്രവാസി

സോഷ്യല്‍ ഫോറം സഹായത്തില്‍ നാട്ടിലേക്കു മടങ്ങി

ദോഹ: (www.k-onenews.in) കഴിഞ്ഞ പൊതുമാപ്പ് കാലത്ത് നാട്ടിലേക്കു പോകാനിരുന്ന മലപ്പുറം ചങ്ങരം കുളം സ്വദേശി അലി മടമ്പിക്കാട്ടില്‍ ആരോരുമറിയാതെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടന്നത് ഒന്നര മാസം. ഒടുവില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സഹായത്തോടെ ഇന്ന് പുലര്‍ച്ചെ നാടണയുന്നു. സപ്തംബര്‍ 1 മുതല്‍ ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങുന്നതിന് 65കാരനായ അലി ഒക്ടോബര്‍ മാസത്തിലാണ് മന്‍സൂറയിലുള്ള സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌ക് തേടിയെത്തിയത്. പാസ്‌പോര്‍ട്ടും വിസയും ഇല്ലാതിരുന്ന അലിക്ക് രേഖകളെല്ലാം ശരിയാക്കി നല്‍കിയത് ഹെല്‍പ് ഡെസ്‌കായിരുന്നു. സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് ഒക്ടോബര്‍ 22ന് നാട്ടിലേക്ക് മടങ്ങാനുള്ള രേഖകളും ലഭിച്ചു.

നിശ്ചിത തിയത്തിക്ക് അലി നാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു സോഷ്യല്‍ ഫോറം പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം നാട്ടിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മുഖേന കുടുംബം ഖത്തറില്‍ ബന്ധപ്പെട്ടതോടെയാണ് അലി നാട്ടിലെത്തിയില്ലെന്ന വിവരം അറിയുന്നത്. സെര്‍ച്ച് ആന്റ് ഫോളോ അപ്പിലും എയയര്‍പോര്‍ട്ടിലും അന്വേഷിച്ചപ്പോള്‍ ഇവിടെ നിന്ന് വിമാനം കയറിയിട്ടില്ലെന്ന് വ്യക്തമായി. പോലിസ് സ്‌റ്റേഷനുകളിലും ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
മൂന്നാഴ്ച മുമ്പ് ഹമദ് ആശുപത്രിയിലെ സാമൂഹിക സേവന വിഭാഗം സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ ബന്ധപ്പെട്ടതോടെയാണ് അലിയുടെ തിരോധാനത്തിന്റെ ചുരുളഴിഞ്ഞത്. സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ ബഷീര്‍ കടിയങ്ങാട്, ഉസ്മാന്‍ ആലുവ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചാണ് വിവരങ്ങളറിഞ്ഞത്.
നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ സല്‍വ റോഡില്‍ അലി വാഹന അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഹമദ് ആശുപത്രിയിലെത്തിച്ച അദ്ദേഹം ഒന്നര മാസത്തോളമാണ് അവിടെ അബോധാവസ്ഥയില്‍ കഴിഞ്ഞത്. ബോധം തെളിഞ്ഞപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന നിലയിലായിരുന്നു. ആറ് വര്‍ഷമായി നാട്ടില്‍ പോകാത്ത അലിക്ക് കുടുംബത്തെ കാണാന്‍ സാധിക്കാത്തതിലുള്ള മനപ്രയാസമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് സോഷ്യല്‍ ഫോറം ഇടപെട്ട് വീണ്ടും നാട്ടിലേക്കു പോകാനുള്ള രേഖകള്‍ ശരിയാക്കി നല്‍കി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് പൂര്‍ണ സഹകരണം ലഭിച്ചതായി ബഷീര്‍ കടിയങ്ങാട് പറഞ്ഞു. ഇന്ത്യന്‍ എംബസിയാണ് അലിക്ക് നാട്ടിലേക്കു മടങ്ങേണ്ട ടിക്കറ്റ് നല്‍കിയത്. വീട്ടിലെ കുക്കിന്റെ വിസയില്‍ ഖത്തറിലെത്തിയ അലി പാചക ജോലി ശരിയാകാത്തതിനാല്‍ സ്‌പോണ്‍സറുടെ അനുമതിയോടെ തന്നെ സൈലിയയില്‍ വിവിധ ജോലികള്‍ ചെയ്യുകയായിരുന്നു. പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈയിലായിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സറെ ബന്ധപ്പെടുകയോ വിസ പുതുക്കുകയോ ചെയ്യാത്തതാണ് അലിക്ക് വിനയായത്. ഇന്ന് പുലര്‍ച്ചെയുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് സുമനസ്സുകള്‍ക്ക് നന്ദി പറഞ്ഞ് അലി നാട്ടിലേക്കു മടങ്ങിയത്. കാലിന് പരിക്കുള്ളതിനാല്‍ വീല്‍ച്ചെയറിലാണ് യാത്ര. ബന്ധുവായ ഷുക്കൂറും അലിയോടൊപ്പമുണ്ട്.

Previous ArticleNext Article