Hot, പ്രവാസി

കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാം പ്രോല്‍സാഹിപ്പിച്ചു: ഡോ. സികെ അബ്ദുല്ല

ദോഹ: (www.k-onenews.in) കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കിയ മതമാണ് ഇസ്‌ലാമെന്ന് ഡോ. സി കെ അബ്ദുല്ല അഭിപ്രായപ്പെട്ടു. മനുഷ്യരുടെ ചിന്തകള്‍ക്കും മൂല്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്ന ആവിഷ്‌കാരങ്ങളില്‍ നിന്ന് അതിനെ മോചിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തതെന്നും അദ്ദേഹം നിരീക്ഷിച്ചു. തനത് കലാ സാംസ്‌കാരിക വേദിയുടെ കുടുംബാംഗങ്ങള്‍ക്കായി ഇസ്‌ലാം, കല സംസ്‌കാരം എന്ന പേരില്‍ മന്‍സൂറ ഫ്രറ്റേണിറ്റി ഹാളില്‍ സംഘടിപ്പിച്ച പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ചിന്തകളെയും കാല്‍പ്പനികതകളെയും ഉണര്‍ത്തുന്ന ഏറ്റവും വലിയ ആവിഷ്‌കാരമാണ് ഖുര്‍ആന്‍. സാഹിത്യരചനകളും കലാവിഷ്‌കാരങ്ങളും കേവലം ആസ്വാദനത്തിന് മാത്രമായിരുന്ന അറബ് സമൂഹത്തിലാണ് ഇസ്‌ലാം വലിയ വിപ്ലവം സൃഷ്ടിച്ചത്. മാനുഷിക മൂല്യങ്ങളും സാമൂഹിക നന്‍മകളും പിന്നീട് അവരുടെ സര്‍ഗ സൃഷ്ടികളില്‍ ഉള്‍ച്ചേരുകയായിരുന്നു. ഖുര്‍ആനിലെ വിവിധ കഥാ സന്ദര്‍ഭങ്ങളെ ചിത്രീകരിക്കുകയാണെങ്കില്‍ അവ ഏറ്റവും മനോഹരങ്ങളായ സൃഷ്ടികളായി മാറുമെന്നും അത്തരം സൃഷ്ടികള്‍ ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും അബ്ദുല്ല ചൂണ്ടിക്കാട്ടി.
തനത് സാംസ്‌കാരിക വേദി പ്രസിഡന്റ് എ എം നജീബ് ആമുഖ പ്രഭാഷണം നടത്തി. കേരളത്തില്‍ മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നതില്‍ കലാ സാഹിത്യ മേഖലയിലുള്ള ചിലര്‍ വഹിച്ച പങ്ക് വലുതാണ്. എല്ലാ വിഭാഗങ്ങളുടെയും സാംസ്‌കാരിക ഇടപെടലിലൂടെയാണ് അതു തിരുത്താന്‍ കഴിയുകയെന്ന് നജീബ് പറഞ്ഞു. തനതിന്റെ രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സാസ്‌കാരിക ഫാഷിസത്തെ പ്രതിരോധിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനത് സെക്രട്ടറി നവാസ് പാടൂര്‍, എക്‌സിക്യൂട്ടീവ് സമിതി അംഗം നാസര്‍ കുമ്മങ്കോട് സംസാരിച്ചു. നൂര്‍ഷയുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും അരങ്ങേറി.

Previous ArticleNext Article