Hot, ദേശീയം, പുതിയ വാർത്തകൾ

മുസ്ലിം സന്ദര്‍ശകര്‍ക്ക് യു.എസ് നിരോധനമേര്‍പ്പെടുത്തിയത് അപലപനീയം: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: (www.k-onenews.in) ഇറാഖ്, ഇറാന്‍, സുഡാന്‍, സൊമാലിയ, ലിബിയ, സിറിയ, യമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ നടപടി ഭ്രാന്തമായ വംശീയതയെയാണ് വ്യക്തമാക്കുന്നത്. തങ്ങള്‍ നിലകൊള്ളുന്നുവെന്ന് അമേരിക്ക തന്നെ വീമ്പു പറയുന്ന സ്വാതന്ത്ര്യം, സമത്വം, ബഹുസ്വരത എന്നീ തത്വങ്ങളുടെ സമ്പൂര്‍ണ നിരാകരണമാണിത്.

യു.എസ് ഇപ്പോള്‍ അടക്കിവാഴുന്ന വെളുത്ത വംശീയവാദികള്‍, തങ്ങള്‍ ഒരു കാലത്ത് യൂറോപ്പില്‍ നിന്നു കുടിയേറിയവരാണെന്ന കാര്യം മറക്കരുത്. വിലക്കേര്‍പ്പെടുത്തിയ ഏഴു രാജ്യങ്ങളും വിദേശനയത്തിന്റെ ഭാഗമായി യു.എസ് സര്‍ക്കാരുകളുടെ തുടര്‍ച്ചയായ കടന്നുകയറ്റങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടതാണെന്നത് ശ്രദ്ധേയമാണ്. ദശലക്ഷങ്ങളെയാണ് ബോംബ് വര്‍ഷിച്ച് കൊലപ്പെടുത്തിയത്. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും സാമ്പത്തിക പ്രതിസന്ധിമൂലവും പടിഞ്ഞാറന്‍ സേനയുടെ സൈനിക ഇടപെടല്‍ മൂലവും അഭയാര്‍ത്ഥികളാക്കപ്പെട്ടവരാണ്.
നന്മയും മനുഷ്യത്വവുമുള്ള അമേരിക്കക്കും അതിനു പുറത്തുമുള്ള ജനങ്ങള്‍ ഈ സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരേ രംഗത്തുവന്നത് പ്രതീക്ഷയുയര്‍ത്തുന്നുണ്ട്. മനുഷ്യത്വവിരുദ്ധമായ ഈ തീരുമാനം പിന്‍വലിക്കാന്‍ ട്രംപ് ഭരണത്തോട് സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കന്‍ ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു. പരസ്യമായ ഈ അവഹേളനത്തെ ചോദ്യംചെയ്യാനും തങ്ങളുടെ വിശ്വാസത്തെയും അഭിമാനത്തെയും അപകീര്‍ത്തിപ്പെടുത്തിയ യു.എസ് ഭരണകൂടത്തിനെതിരെ സക്രിയമായ പ്രതികരണം സംഘടിപ്പിക്കാനും മുസ്ലിം ലോകത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

Previous ArticleNext Article