Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ

‘ലാ ലാ ലാന്‍ഡ്’; ഡാമിയന്‍ ചസെല്‍ ചിത്രത്തിന് ആറ് ഓസ്കര്‍ പുരസ്‌കാരങ്ങള്‍; ‘മൂണ്‍ലൈറ്റ്’ മികച്ച ചിത്രം: മഹര്‍ഷലാ അലി ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ മുസ്‍ലിം നടന്‍

കാലിഫോർണിയ: (www.k-onenews.in) 2017 ഓസ്‌കറില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ മികച്ച പ്രകടനം നടത്തി ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ‘ലാ ലാ ലാന്‍ഡ്’. മികച്ച നടിയും സംവിധായകനും ഛായാഗ്രഹണവുമടക്കം ആറ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം മികച്ച പ്രകടനം നടത്തിയിരുന്നു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘മൂണ്‍ലൈറ്റ്’ ആണ് മികച്ച ചിത്രം.
മികച്ച നടി (എമ്മ സ്റ്റോണ്‍), സംവിധായകന്‍ (ഡാമിയന്‍ ചസെല്‍), ഒറിജിനല്‍ സോംഗ് (സിറ്റി ഓഫ് സ്റ്റാര്‍സ്), ഒറിജിനല്‍ സ്‌കോര്‍ (ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്), ഛായാഗ്രഹണം (ലിനസ് സാന്‍ഡ്‌ഗ്രെയ്ന്‍), പ്രൊഡക്ഷന്‍ ഡിസൈന്‍ (ഡേവിഡ് വാസ്‌കോ) എന്നീ പുരസ്‌കാരങ്ങളാണ് ‘ലാ ലാ ലാന്‍ഡി’ ലഭിച്ചത്.

ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ചില പുരസ്കാരങ്ങളാണ് ഇത്തവണത്തെ ഓസ്കര്‍ ചടങ്ങിനെ വേറിട്ടതാക്കുന്നത്. ഓസ്‌കര്‍ നേടുന്ന ആദ്യ മുസ്‍ലിം അഭിനേതാവാണ് മഹെര്‍ഷലാ അലി. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനായാണ് മഹെര്‍ഷലാ അലി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ വയോള ഡേവിസ് ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായ അഭിനേതാവായി. ഡെന്‍സല്‍ വാഷിംഗ്ടണ്‍ സംവിധാനം ചെയ്ത ഫെന്‍സസിലൂടെയാണ് വയോള പുരസ്‌കാരം നേടിയത്.

മഹെര്‍ഷലാ അലിക്ക് പുരസ്കാരം സമ്മാനിച്ചാണ് ഓസ്കര്‍ ചടങ്ങ് തുടങ്ങിയത്. ഇന്ത്യന്‍ വംശജനായ ദേവ് പട്ടേല്‍ ലയണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. പക്ഷേ പുരസ്കാരം ലഭിച്ചില്ല.

ഡോണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരായി ഉയര്‍ന്ന പ്രതികരണങ്ങള്‍ കൊണ്ടും ഓസ്കര്‍ ചടങ്ങ് വേറിട്ടുനിന്നു. ട്രംപിനെ അവതാരകന്‍ ജിമ്മി കിമ്മല്‍ പരോക്ഷമായി പരിഹസിച്ചു. സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്ന് പറഞ്ഞാണ് ട്രംപിന്റെ മാധ്യമവിലക്കിനെ കിമ്മല്‍ പരിഹസിച്ചത്. മികച്ച വിദേശഭാഷാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ദ സെയില്‍സ്മാന്റെ അണിയറ പ്രവര്‍ത്തകരാരും പുരസ്കാരം വാങ്ങാന്‍ എത്തിയില്ല. ട്രംപിന്റെ നയങ്ങള്‍ക്കെതിരായ ചിത്രത്തിന്റെ സംവിധായകന്റെ നിശിതമായ വിമര്‍ശനമടങ്ങിയ കുറിച്ച് പുരസ്കാരദാന ചടങ്ങില്‍ വായിച്ചു.

Previous ArticleNext Article