Hot, കേരളം, പുതിയ വാർത്തകൾ

ക്യാന്റീന്‍ ജീവനക്കാരന് മര്‍ദനം: പിസി ജോര്‍ജിനും പിഎ സണ്ണിക്കുമെതിരെ പൊലീസ് കേസെടുത്തു

(www.k-onenews.in) എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. ഊണ് വൈകിയതിന് എംഎല്‍എയും പിഎയും ചേര്‍ന്ന് മര്‍ദിച്ചെന്ന് ക്യാന്റീന്‍ ജീവനക്കാരന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മ്യൂസിയം പൊലീസ് പി.സി ജോര്‍ജിനെതിരെയും പിഎ സണ്ണിക്കെതിരെയും കേസെടുത്തത്. സംഘം ചേര്‍ന്ന് മര്‍ദിക്കുക, അസഭ്യം പറയുക എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. പി.സി ജോര്‍ജിനെതിരെ ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എംഎല്‍എയുടെ മര്‍ദനമേറ്റെന്ന ക്യാന്റീന്‍ ജീവനക്കാരന്റെ പരാതിയിലാണ് സ്പീക്കറുടെ പരാമര്‍ശം. കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിന് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഹോസ്റ്റല്‍ മുറിയിലേക്ക് ക്യാന്റീനില്‍നിന്ന് ഉച്ചയൂണ് കൊണ്ടുവരാന്‍ വൈകിയതില്‍ ക്ഷോഭിച്ചാണ് മര്‍ദിച്ചെന്ന് പരാതി. പരുക്കേറ്റ കഫേ കുടുംബശ്രീ ജീവനക്കാരന്‍ തിരുവനന്തപുരം സ്വദേശി മനു ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

ലോകത്താരും വിശ്വസിക്കാത്ത ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നാണ് പിസി ജോര്‍ജ് മനു ഉന്നയിച്ച പരാതിയെക്കുറിച്ച് പറഞ്ഞത്. നാലുതവണയോളം ഫോണില്‍ വിളിക്കേണ്ടി വന്നു വനിതാ ക്യാന്റീനിലേക്ക് ഊണിനായി. അവസാനം ഊണ് കൊണ്ടുവന്ന സമയം 2.05 ആയപ്പോഴാണ്. ഊണ് വൈകിയതിനെക്കുറിച്ച് അവനോട് കടുത്ത ഭാഷയില്‍ സംസാരിച്ചു എന്നത് നേരാണ്. അല്ലാതെ തല്ലിയിട്ടില്ല. കൊണ്ടുവന്ന ഊണാകട്ടെ നാലുപേര്‍ക്കുളളതും. ആവശ്യപ്പെട്ടത് ഒരാള്‍ക്കുളള ഊണായിരുന്നു. ജീവനക്കാരന്‍ മോശം പയ്യനാണെന്നും 40 മിനിറ്റ് വൈകിയാണ് ഊണ് എത്തിച്ചതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article