Hot, പുതിയ വാർത്തകൾ, ലേഖനം

“കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച് അവരുടെ വായിലേക്കു തീ കൊളുത്തി. ആ കുരുന്നുകള്‍ പടക്കം പോലെ ജീവനോടെ പൊട്ടിച്ചിതറുന്നതു കണ്ട് അവര്‍ ആര്‍ത്തുവിളിച്ചു”.. ഗുജറാത്ത്‌ വംശഹത്യക്ക്‌ 15 വയസ്സ്‌; രാജ്യം പൗരന്മാരോട്‌ ചെയ്തത്‌, ടിവി ഹമീദ്‌ എഴുതുന്നു

ഗുജറാത്ത് വംശഹത്യക്ക് ഫെബ്രുവരി 28ന് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യത്തെ 2000ത്തിലേറെ വരുന്ന പൗരന്മാരെ അവര്‍ മുസ്‌ലിംകള്‍ ആയിരുന്നു എന്നതുകൊണ്ടു മാത്രം, ആരെന്നോ എന്തിനെന്നോ അറിയാത്ത ഏതോ അപരാധത്തിന്റെ പേരില്‍ അയല്‍ക്കാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് കൊന്നുകളഞ്ഞു എന്നതുകൊണ്ടു മാത്രമല്ല ഓര്‍മകളിലെ ഈ വിതുമ്പല്‍. ഇന്ത്യയെന്ന ഈ മഹാരാജ്യം നമ്മുടെ സ്വപ്‌നങ്ങളില്‍ നിന്നും പകിട്ടാര്‍ന്ന സങ്കല്‍പനങ്ങളില്‍ നിന്നും എങ്ങോ കുതറിയകന്നു പോയതിന്റെയും നമ്മുടെ ആത്മനിശ്വാസങ്ങള്‍ ഒരു തലോടലില്ലാതെ സ്വന്തം രാജ്യത്തിനകത്ത് അനാഥമായി അലഞ്ഞുപോയതിന്റെയും ശവക്കച്ചയണിഞ്ഞ് ജീവനറ്റുകിടന്ന കുറേ ദിനരാത്രങ്ങളുടെ കണ്ണീരണിഞ്ഞ ഓര്‍മകളില്‍ ഒരു രാജ്യത്തിന് എന്തൊക്കെ ആയിത്തീരാന്‍ കഴിയുമെന്നതിന്റെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ 15 വര്‍ഷം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്വതന്ത്ര മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ സംഘടനകളുടെയും നിരീക്ഷണത്തില്‍, 2002 ഫെബ്രുവരി 28നും മാര്‍ച്ച് 2നുമിടയില്‍ ഗുജറാത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്നത് വംശ ഹത്യയുടെ പൂര്‍ണമായ നിര്‍വചനങ്ങള്‍ക്കകത്തു വരുന്ന അത്യാചാരങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണ്. 1948 ഡിസംബര്‍ 9നു ചേര്‍ന്ന യുഎന്‍ അസംബ്ലിക്ക് കീഴില്‍ നടന്ന വംശഹത്യയെക്കുറിച്ച സമ്മേളനം അംഗീകരിച്ച പ്രമേയം 260 (3) അനുസരിച്ച്, ഒരു വിഭാഗത്തെ ലക്ഷ്യമിട്ടു കൊല്ലുന്നതും അവരെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നതും ഒരു വിഭാഗത്തിന്റെ പൂര്‍ണമോ ഭാഗികമോ ആയ നാശം ലക്ഷ്യമിട്ട് ആളുകളെ ഇളക്കിവിടുന്നതും അവരിലെ ജനനപ്രക്രിയ തടസ്സപ്പെടുത്തുന്നതും അവരിലെ കുട്ടികളെ ബലമായി മറ്റൊരു വിഭാഗത്തിലേക്ക് ചേര്‍ക്കുന്നതും വംശഹത്യയുടെ പരിധിയില്‍ വരും. ഗുജറാത്ത് വംശഹത്യയുടെ കാര്യത്തില്‍ ആദ്യ നാലു മാനദണ്ഡങ്ങളും പൂര്‍ണാര്‍ഥത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതായി ഇന്റര്‍നാഷനല്‍ ഇനീഷ്യേറ്റീവ് ഫോര്‍ ജസ്റ്റിസ് ചൂണ്ടിക്കാണിക്കുന്നു.
2002 ഫെബ്രുവരി 27ന് അയോധ്യയില്‍നിന്ന് കര്‍സേവകരായ തീര്‍ത്ഥാടകരുമായി പുറപ്പെട്ട സബര്‍മതി എക്‌സ്പ്രസ് ഗോധ്രാ സ്റ്റേഷനില്‍ എത്തിയ വേളയില്‍ കര്‍സേവകരും സ്റ്റേഷനിലെ മുസ്‌ലിം കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി പറയപ്പെടുന്നു. ഈ സംഘര്‍ഷത്തിനിടയില്‍ കര്‍സേവകര്‍ സഞ്ചരിച്ച എസ് 6 കോച്ചിന് തീപ്പിടിക്കുകയും അകത്തുണ്ടായിരുന്ന 59 തീര്‍ത്ഥാടകര്‍ വെന്തുമരിക്കുകയും ചെയ്തു. ബോഗിക്കകത്ത് തീ പടര്‍ന്നത് എങ്ങനെയെന്നത് ഇന്നും ദുരൂഹമാണ്. 2002 ഫെബ്രുവരി 27ന് നടന്ന ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട് എസ് 6 കോച്ചിനകത്ത് തീ പടര്‍ന്നത് പുറത്തുനിന്നല്ലെന്നു വ്യക്തമാക്കുന്നു. തീ ഉയര്‍ന്നത് ഉള്ളില്‍നിന്നുതന്നെ ആണെന്നാണ് ഫോറന്‍സിക് പരിശോധനയിലൂടെ എത്തിപ്പെടുന്ന നിഗമനം. തീവണ്ടിക്കുള്ളില്‍ തന്നെ ജ്വലനശേഷിയുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സുപ്രിംകോടതി ജഡ്ജിയായിരുന്ന യു സി ബാനര്‍ജി അധ്യക്ഷനായ കമ്മീഷന്‍ 2005 ജനുവരി 17ന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍, സംഭവം തീര്‍ത്തും യാദൃച്ഛികമായുണ്ടായ അപകടമാണെന്നും ഭീകരാക്രമണമല്ലെന്നും തീര്‍ത്തുപറയുന്നു. ഗോധ്രയിലെ മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തിയാലും കര്‍സേവകരെ കൂട്ടക്കൊല ചെയ്യുന്നതുപോലുള്ള ഒരു അതിസാഹസികതയിലേക്ക് എടുത്തു ചാടാനുള്ള സാധ്യത ഒട്ടുംതന്നെയില്ലെന്നാണ്  ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദൈനംദിനജീവിതം തന്നെ ക്ലേശകരമായി മുന്നോട്ടുനീക്കുന്ന ഒരു ജനവിഭാഗം ആത്മഹത്യാപരമായ അത്തരമൊരു സാഹസികതയ്ക്ക് മുതിരില്ലെന്നുതന്നെയാണ് സാമൂഹികശാസ്ത്രപരമായ നിഗമനം.  ഗോധ്ര സംഭവം വിലയിരുത്തിയവരുടെയും അന്വേഷണം നടത്തിയവരുടെയും വിദഗ്ധാഭിപ്രായങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം, കര്‍സേവകരെ തീയിട്ടുകൊന്നതിനു പിന്നില്‍ മുസ്‌ലിം ഭീകരരാണെന്നും ഹിന്ദുക്കളെ വകവരുത്താനും സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തി സാമ്പത്തികമായി തകര്‍ക്കാനുമുള്ള മുസ്‌ലിം ഭീകരരുടെ പദ്ധതിയാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നും ആരോപിച്ചുകൊണ്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും സംഘപരിവാര നേതാക്കളും രംഗത്തുവന്നു. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഉദ്ദേശിച്ച് മൂന്നു ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിംകള്‍ തട്ടിക്കൊണ്ടുപോയതായുള്ള വ്യാപക പ്രചാരണവും അതോടൊപ്പം നടന്നു. ഗുജറാത്തില്‍ നടന്ന ആക്രമണങ്ങളും കൂട്ടക്കൊലകളും വ്യത്യസ്തമാവുന്നത് അതിന്റെ അടുക്കുംചിട്ടയും കൊണ്ടു കൂടിയാണ്. വംശഹത്യയുടെ എല്ലാ ലക്ഷണങ്ങളും അതിനുണ്ടായിരുന്നു. ഇന്ത്യയില്‍ നടന്ന ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളെക്കുറിച്ചു പഠനം നടത്തിയ അശുതോഷ് വര്‍ഷിണി, സ്വതന്ത്ര ഇന്ത്യയിലെ സമ്പൂര്‍ണമായ ആദ്യ കൂട്ടക്കൊല എന്നാണ് ഗുജറാത്ത് വംശഹത്യയെ വിശേഷിപ്പിക്കുന്നത്.ഗോധ്ര സംഭവം നടന്ന 2002 ഫെബ്രുവരി 27ന് വൈകീട്ട് മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍, ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള രോഷം പ്രകടിപ്പിക്കട്ടെയെന്ന് അദ്ദേഹം നിര്‍ദേശിച്ചുവെന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പിന്നീട് സുപ്രിംകോടതിയില്‍ ഒരു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. നേരത്തേ തന്നെ പുറത്തു പ്രചരിച്ച വാര്‍ത്തയുടെ സ്ഥിരീകരണം കൂടിയായിരുന്നു അത്. തീര്‍ത്തും സൈനികമായ അച്ചടക്കത്തോടെയാണ് ഗുജറാത്തില്‍ വംശഹത്യ നടന്നതെന്ന് ചരിത്രകാരനായ ക്രിസ്റ്റോഫ് ജഫ്രിലോ പറയുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ചു പഠനം നടത്തിയ പലരും ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ആയിരക്കണക്കിനു പേരാണ് നിമിഷങ്ങള്‍ക്കകം യൂനിഫോമിട്ട് തെരുവിലിറങ്ങിയത്. മിക്കവരും കാക്കി നിക്കര്‍ ധരിക്കുകയും കാവിനിറമുള്ള നാടകള്‍ തലയില്‍ അണിയുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണുകളിലൂടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും നല്‍കുകയും ചെയ്തുകൊണ്ട് പൂര്‍ണമായ ഏകോപനം നിലനിര്‍ത്തിക്കൊണ്ടായിരുന്നു അക്രമികള്‍  നീങ്ങിക്കൊണ്ടിരുന്നത്. എല്ലാവരും കൈയില്‍ കുടിവെള്ളം നിറച്ച ബോട്ടിലുകള്‍ കരുതിയിരുന്നു. മോദി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിമാര്‍ പലരും അക്രമികള്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ട് ഓരോ സംഘത്തോടൊപ്പം സഞ്ചരിച്ചിരുന്നതായി ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. മന്ത്രിമാരായ ഗോര്‍ധന്‍ സദാഫിയയും അശോക് ഭട്ടും പ്രതാപ് സിങ് ചൗഹാനും പോലിസ് ആസ്ഥാനങ്ങള്‍ കൈയടക്കിയതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 28ന് കാലത്തുതന്നെ മുസ്‌ലിം കടകളും സ്ഥാപനങ്ങളും കൃത്യമായി നിര്‍ണയിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നതായി വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈ ആവശ്യത്തിനു സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്. ഹിന്ദു പേരുകള്‍ വഹിച്ച മുസ്‌ലിം സ്ഥാപനങ്ങളും ഹിന്ദുക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കൃത്യമായി നിര്‍ണയിച്ചു തകര്‍ക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നാണ് മനസ്സിലാവുന്നത്.ഗ്യാസ് സിലിണ്ടറുകളുടെ വ്യാപകമായ ഉപയോഗവും ലഭ്യതയും ഭരണസംവിധാനത്തിന്റെ നഗ്‌നമായ പങ്കിനു തെളിവാണ്. ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച വാഹനങ്ങള്‍ ആവശ്യാനുസരണം കലാപകാരികള്‍ക്കൊപ്പം നീങ്ങിയിരുന്നു. ഭരണകൂടത്തിന്റെ അനുവാദമില്ലാതെ അതൊരിക്കലും സാധ്യമാവില്ല. സൈനിക ബാരക്കുകളില്‍നിന്നെന്നപോലെ യൂനിഫോംധാരികളായ കലാപകാരികളെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ട്രക്കുകളില്‍ ഇറക്കിക്കൊണ്ടിരുന്നു. പതിവില്‍നിന്നു വ്യത്യസ്തമായി കലാപം പട്ടണങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും വ്യാപിച്ചു.കലാപകാരികള്‍ക്കെതിരേ പട്ടാളം രംഗത്തിറങ്ങുന്നത് മോദി സര്‍ക്കാര്‍ തടഞ്ഞു. രാഷ്ട്രപതി കെ ആര്‍ നാരായണന്റെ നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെത്തിയ സൈനികര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാതെ മൂന്നുദിവസം അഹ്മദാബാദിലെയും മറ്റും ക്യാംപുകളില്‍ കഴിയുകയായിരുന്നു. ഗുജറാത്തിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ കലാപകാര്യത്തില്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടതായി സംഭവസമയത്ത് രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ പിന്നീട് ആരോപിക്കുകയുണ്ടായി. വംശഹത്യയില്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തത്‌സംബന്ധമായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്കു താന്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നുവെങ്കിലും അദ്ദേഹം ഒന്നും ചെയ്യാന്‍ സന്നദ്ധനായില്ലെന്നും മുന്‍ രാഷ്ട്രപതി കുറ്റപ്പെടുത്തുന്നു. ഗുജറാത്ത് വംശഹത്യ ബിജെപിയിലെ സാത്വികനായി പലരും വാഴ്ത്താറുള്ള വാജ്‌പേയിയെ അസ്വസ്ഥനാക്കിയിരുന്നു എന്നു ചിലര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഗോവയില്‍ ബിജെപി യോഗത്തില്‍ പ്രസംഗിച്ച അന്നത്തെ പ്രധാനമന്ത്രി പറഞ്ഞത്, ഗോധ്രയുണ്ടായിരുന്നില്ലെങ്കില്‍ ഗുജറാത്ത് ഉണ്ടാവുമായിരുന്നില്ല എന്നാണ്. ഗുജറാത്ത് മാത്രമല്ല ഗോധ്രയും തങ്ങളുടെത്തന്നെ സൃഷ്ടിയാണെന്നത് അദ്ദേഹം അറിയാതിരിക്കാന്‍ ഇടയില്ല. സംഘപരിവാരത്തെ പുറത്തുനിന്ന് അറിയുന്നവര്‍ക്കുപോലും അതൊന്നും ഇപ്പോള്‍ വലിയ അതിശയോക്തി നിറഞ്ഞ കാര്യങ്ങളല്ല. ഗോധ്രയ്ക്കു പിന്നില്‍ ബിജെപി തന്നെയാണെന്നു ഗുജറാത്തിലെ പട്ടേല്‍ നേതാക്കള്‍ ഈയിടെ പ്രസ്താവന നടത്തിയിരുന്നു. മനുഷ്യര്‍ മനുഷ്യരോട് ചെയ്യുന്ന ക്രൂരതകളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഗുജറാത്ത് വംശഹത്യക്കിടയിലെ ഓരോ സംഭവങ്ങളും. കലാപത്തില്‍ ഉടനീളം പ്രകടമായ ഹിംസയുടെ ധാരാളിത്തം മനുഷ്യരായി പിറന്നവരെക്കുറിച്ചു നമുക്കുണ്ടാകാവുന്ന എല്ലാ ശുഭപ്രതീക്ഷകളെയും അസ്ഥാനത്താക്കുന്നതായിരുന്നു. അക്രമികള്‍ കുട്ടികളെന്നോ സ്ത്രീകളെന്നോ വൃദ്ധരെന്നോ യുവാക്കളെന്നോ ഉള്ള വ്യത്യാസമൊന്നും ഇരകള്‍ക്കിടയില്‍ കല്‍പിച്ചിരുന്നില്ല. മുസ്‌ലിമെന്നു കണ്ട ഓരോ മനുഷ്യജീവനെയും ഭ്രാന്തമായ അനുഭൂതിയോടെ അവര്‍ പിച്ചിച്ചീന്തി. യുവാക്കളെ കൈകാലുകള്‍ കൊത്തിയരിഞ്ഞു തീയിലേക്കിട്ടു. കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച് അവരുടെ വായിലേക്കു തീ കൊളുത്തി. ആ കുരുന്നുകള്‍ ഒരു പടക്കം പോലെ ജീവനോടെ പൊട്ടിച്ചിതറുന്നതു കണ്ട് അവര്‍ ആര്‍ത്തുവിളിച്ചു. പെണ്‍കുട്ടികള്‍ നിമിഷങ്ങള്‍ക്കകം പൂര്‍ണനഗ്‌നരാക്കപ്പെട്ടു. കാമവെറിപൂണ്ട ഹിന്ദുത്വപടയാളികള്‍ ഒരു വിശുദ്ധകര്‍മം പോലെ അവരുടെ ചാരിത്ര്യം  കടിച്ചുകീറി, ശേഷം അവരുടെ നഗ്‌നശരീരങ്ങള്‍ വെട്ടിയരിഞ്ഞു തീയിലേക്കെറിഞ്ഞു. ഗര്‍ഭിണികളുടെ വയര്‍ കുത്തിക്കീറി ഗര്‍ഭസ്ഥശിശുവിനെ ശൂലത്തില്‍ കുത്തിയെടുത്തു തീയിലേക്കെറിഞ്ഞു. വൃദ്ധരെ തലയ്ക്കടിച്ചും വെട്ടിയും കൊന്നു. വൃദ്ധസ്ത്രീകള്‍ പോലും ക്രൂരമാംവിധം കൂട്ടബലാല്‍സംഗങ്ങള്‍ക്കിരയായി. ഓരോ ക്രൂരതകള്‍ക്കു ശേഷവും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രദ്ധാപൂര്‍വമാണ് അക്രമികള്‍ പ്രവര്‍ത്തിച്ചത്. നേരത്തേ ലഭിച്ച പരിശീലനത്തിന്റെ മികവു തെളിയിക്കുന്നതായിരുന്നു ഈ നീക്കങ്ങള്‍. ഗോധ്ര സംഭവം നടക്കുന്നതിന് എത്രയോ മുമ്പുതന്നെ വംശഹത്യക്കുള്ള ഒരുക്കങ്ങളും ഗൃഹപാഠങ്ങളും നടന്നിരുന്നുവെന്നത് ആര്‍ക്കും ബോധ്യപ്പെടുംവിധം വ്യക്തമായിരുന്നു. ഗോധ്രയിലേതു തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയുടെ സ്വിച്ച്ഓണ്‍ കര്‍മം മാത്രമായിരുന്നു. നിമിഷങ്ങള്‍ക്കകം ആ പദ്ധതി സംസ്ഥാനത്തെ 24 ജില്ലകളില്‍ 16ലും ഒരേ താളത്തില്‍ പ്രവര്‍ത്തനക്ഷമമായി. മോദിയുടെ ‘ന്യൂട്ടന്‍ സിദ്ധാന്തം’ ദ്യോതിപ്പിക്കുന്നതുപോലെ അതൊരു ആകസ്മിക പ്രതികരണമായിരുന്നില്ല. കൃത്യതയോടെ തയ്യാറാക്കപ്പെട്ട പദ്ധതിയുടെ പ്രയോഗവല്‍ക്കരണമായിരുന്നു. നരോദാപാട്യ, ബെസ്റ്റ് ബേക്കറി, ഗുല്‍ബര്‍ഗ സൊസൈറ്റി എന്നിവിടങ്ങളില്‍ ഭീകരമായ കൂട്ടക്കൊലകള്‍ അരങ്ങേറി. കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഇഹ്‌സാന്‍ ജഫ്‌രി അടക്കം നൂറുകണക്കിനു നിരപരാധികള്‍ സംസ്ഥാനത്തെങ്ങും അറുകൊല ചെയ്യപ്പെട്ടു. പോലിസും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഈ നരമേധത്തില്‍ തങ്ങളാലാവുംവിധം പങ്കുചേര്‍ന്നു. സംരക്ഷണം ആവശ്യപ്പെട്ടു പോലിസിനെ തേടിച്ചെന്നവര്‍ക്കുനേരെ പലേടത്തും പോലിസ് നിറയൊഴിച്ചു. അഭയം തേടി ചെന്നവരെ അക്രമികള്‍ക്കു മുമ്പിലേക്ക് എറിഞ്ഞുകൊടുത്തു. ഇതുസംബന്ധമായി അഭയാര്‍ഥിക്യാംപുകളില്‍ കഴിയുന്നവരില്‍ നിന്നു തെളിവുകള്‍ ശേഖരിക്കാനെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരമനുസരിച്ച് അവരില്‍ 98 ശതമാനം പേരും പോലിസ് അക്രമികള്‍ക്കൊപ്പം ചേര്‍ന്ന തായി പരാതിപ്പെട്ടതായി പറയുന്നു. ഭരണഘടനയെ പിടിച്ച് ആണയിട്ട് അധികാരത്തിലേറിയ ഒരു ഭരണകൂടം സ്വന്തം സംസ്ഥാനത്തെ ജനങ്ങളിലൊരു വിഭാഗത്തോട് ചെയ്ത കടുംകൈകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതായിരുന്നു. ഗുജറാത്ത് വംശഹത്യക്കു ശേഷം സ്വന്തം രാജ്യത്ത് അഭയാര്‍ഥികളാക്കപ്പെട്ടവരുടെ എണ്ണം മൂന്നു ലക്ഷത്തോളം വരും. അവരെ അഭയാര്‍ഥിക്യാംപുകളില്‍ തള്ളിയ ഭരണകൂടത്തില്‍ നിന്നു വലുതായൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് അവരോട് കാണിച്ചത്. വെള്ളമോ വെളിച്ചമോ ഭക്ഷണമോ ഇല്ലാതെ അവര്‍ നരകിച്ചു. അവര്‍ക്കായി ക്യാംപുകള്‍ ഒരുക്കാന്‍ മുന്‍കൈയെടുത്തത് ചില മുസ്‌ലിം സംഘടനകള്‍ തന്നെയായിരുന്നു. പിന്നീട് മറ്റു ചില എന്‍ജിഒകളും രംഗത്തുവന്നു. ഗോധ്ര അഭയാര്‍ഥികള്‍ക്ക് അനുവദിച്ച തുകയുടെ പകുതിയായിരുന്നു മുസ്‌ലിംകള്‍ക്ക് സഹായധനമായി പ്രഖ്യാപിച്ചിരുന്നത്. കലാപത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഭൂരിപക്ഷം പേര്‍ക്കും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ ഒന്നും ലഭിച്ചില്ല. എല്ലാം നഷ്ടപ്പെട്ട പലര്‍ക്കും 500 മുതല്‍ 1000 രൂപ വരെയാണ് ലഭിച്ചത്. അഭയാര്‍ഥിക്യാംപുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടികള്‍ എടുക്കുന്നതിനു പകരം ക്യാംപുകളെ ‘കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികള്‍’ എന്നു പരിഹസിക്കുകയാണ് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ചെയ്തത്. മാത്രമല്ല, ഒക്ടോബര്‍ 30നുള്ളില്‍ അഭയാര്‍ഥിക്യാംപുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഇന്നും വലിയൊരു വിഭാഗം അഭയാര്‍ഥിക്യാംപുകളില്‍ തന്നെ കഴിയുകയാണ്. ഗുജറാത്ത് വംശഹത്യ സംഘപരിവാരം പ്രതീക്ഷിക്കാത്തവിധം രാജ്യത്തിനു വെളിയില്‍ പോലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയതോടെ ലോകത്തിന്റെ കണ്ണില്‍പ്പൊടിയിടാനാണെങ്കിലും  കുറ്റവാളികളായ പലരെയും അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അതൊരുനിലയില്‍ കുറ്റവാളികളെ സംരക്ഷിക്കാനുള്ള അടവുകൂടിയായിരുന്നു. രജിസ്റ്റര്‍ ചെയ്ത നാലായിരം കേസുകളില്‍ രണ്ടായിരത്തിലും ഒരു അന്വേഷണവും നടന്നില്ല. പിന്നീട് കേസുകളില്‍ സുപ്രിംകോടതി ഇടപെടേണ്ടിവന്നു. സര്‍ക്കാര്‍ ഇടപെടലുകള്‍ ഒഴിവാക്കാന്‍ പല കേസുകളും ഗുജറാത്തിനു പുറത്തേക്കു മാറ്റുകയാണ് ചെയ്തത്. വംശഹത്യയുടെ ഈ 15ാം ആണ്ടില്‍ നാം തിരിഞ്ഞുനോക്കുമ്പോള്‍ വിജയപീഠത്തില്‍ കൊലക്കത്തികളുടെ തിളക്കം തന്നെയാണ് നമ്മെ എതിരേല്‍ക്കുന്നത്. പാപക്കറ പറ്റിയ പലരും അധികാരത്തിന്റെ വലിയ സാധ്യതകള്‍ക്കും അഹന്തകള്‍ക്കും പിന്നില്‍ മുഖം പൂഴ്ത്തിക്കഴിയുന്നത് രാജ്യത്തിന്റെ ഭാവിസ്വപ്‌നങ്ങള്‍ക്കു മേല്‍ പുതഞ്ഞ അപശകുനമായേ കാണാനാവൂ. അതിനാല്‍, ഭാവിയിലേക്കുള്ള കാല്‍വയ്പുകള്‍ക്ക് കൂടുതല്‍ കരുതലും ജാഗ്രതയും ആവശ്യമാണെന്നു തിരിച്ചറിയാന്‍ രാജ്യത്തിന്റെ ഐക്യവും ഭദ്രതയും കാംക്ഷിക്കുന്നവര്‍ക്കു കഴിയണം. രാജ്യം ഒരു ദൂഷിതവലയത്തില്‍ അകപ്പെട്ടുപോയിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുള്ള കരുതല്‍ നടപടികളാണ് ജനങ്ങളില്‍ നിന്നുണ്ടാവേണ്ടത്.
കടപ്പാട്‌: തേജസ്‌
Previous ArticleNext Article