കായികം, ലേഖനം

കാല്‍പന്തുകളിയിലെ ഫ്രീകിക്ക് വിദഗ്ധര്‍

(www.k-onenews.in) യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ആഭ്യന്തര ലീഗ് ടൂര്‍ണ്ണമെന്റുകള്‍ അതിന്റെ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്‌പെയിനിലെ ലാ ലീഗ്, ഇറ്റലിയിലെ ഇറ്റാലിയന്‍ ലീഗ്, 2014ലെ ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയിലെ ബൂണസ് ലീഗും. ഫുട്‌ബോളിന്റെ കരുത്തും സൗന്ദര്യവും പണക്കൊഴുപ്പും വേണ്ടുവോളം ആവാഹിച്ചെടുത്ത മത്സരങ്ങളാണ്. അതിന്റെ ചുവട് പിടിച്ചുകൊണ്ട് തന്നെ യുവേഫ ചാമ്പ്യന്‍ഷിപ്പ് ലീഗും അതിന്റെ അന്തിമ ഘട്ടത്തിലാണ്. എല്ലാംകൊണ്ടും കാല്‍പ്പന്ത് കളിയുടെ പേരും പൂരവുമാണ് ലോകത്തിന്റെ നാനാഭാഗത്തായി നടന്നുകൊണ്ടിരിക്കുന്നത്. മത്സരങ്ങളുടെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഫ്രീകിക്കിനുള്ള സ്ഥാനം നിര്‍ണായകമാണ്.
കാല്‍പ്പന്ത് കളിയുടെ സൗന്ദര്യ ശാസ്ത്രം നിര്‍ണ്ണയിക്കുന്നത് കളി നിയമങ്ങളാണ്. അവയുടെ പ്രയോഗങ്ങളും സാങ്കേതിക വൈദഗ്ധ്യത്തോടെയുള്ള നടപ്പിലാക്കലുമാണ് ഫുട്‌ബോളിനെ സൗന്ദര്യവല്‍ക്കരിക്കുന്നത്. ഫുട്‌ബോളിനെ സൗന്ദര്യ വല്‍ക്കരിക്കുന്ന പ്രധാന ഘടകമാണ് ഫ്രീകിക്ക്. ലോക ഫുട്‌ബോളില്‍ ഫ്രീകിക്ക് വിദഗ്ധന്‍മാര്‍ നിരവധിയുണ്ടായിട്ടുണ്ട്. പഴയകാലത്ത് മൈതാനത്തിന്റെ ഇടത്, വലത്, മധ്യഭാഗങ്ങളില്‍ നിന്ന് പന്ത് കൃത്യമായി വലയിലെത്തിക്കുന്നവരില്‍ പ്രധാനികളാണ്. ബ്രസീലിന്റെ റോബര്‍ട്ടോ കാര്‍ലോസ്, റൊണാള്‍ഡിഞ്ഞോ, ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം, ഇറ്റലിയുടെ ഡെല്‍പിയറോ, ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസ്സി, ഇംഗ്ലണ്ടിന്റെ റൂണി, സ്വീഡന്റെ ഇബ്രാഹിമോവിച്ച് മുതലായവരെല്ലാം ഫ്രീകിക്കെടുക്കുന്നവരില്‍ വിദഗ്ധരാണ്.
ബെക്കാമിന്റെ റെയിന്‍ബോകിക്കും റൊണാള്‍ഡീഞ്ഞോയുടെ കരിയിലകിക്കും ഫുട്‌ബോള്‍ ലോകത്തെ നിത്യവിസ്മയങ്ങളാണ്. റോബര്‍ട്ടോ കാര്‍ലോസിന്റെ കരുത്തേറിയ കിക്കുകള്‍ തീയുണ്ടയായി വലയില്‍ തുളച്ചുകയറുമ്പോള്‍ ഗോളിക്ക് നോക്കി നില്‍ക്കാന്‍ മാത്രമേ കഴിയുകയുള്ളു. ഏതാണ്ട് കോര്‍ണര്‍ ഭാഗത്ത് നിന്ന് അളന്ന് മുറിച്ച് തൊടുക്കുന്ന ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്ക് മഴവില്ല് പോലെ വളഞ്ഞ് പുളഞ്ഞ് ഗോള്‍ പോസ്റ്റിലേക്ക് കയറുമ്പോള്‍ ഗോളിയുടെ നിസ്സഹായവസ്ഥയും നാം പലപ്പോഴായി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഫ്രീകിക്ക് ചാരുത ഇന്ന് ലോകം മുഴുവന്‍ നടന്ന് വരുന്ന ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് കണ്ടാസ്വദിക്കുകയാണ് ടെലിവിഷനിലൂടെ ഫുട്‌ബോള്‍ ആസ്വാദകര്‍.
സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധര്‍ ആരെന്ന് ചോദിച്ചാല്‍ ന്യൂജനറേഷന്‍ നിഗമനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നായിരിക്കും. ഫുട്‌ബോള്‍ ലോകത്ത് ഇന്ന് ഏറ്റവും വില കൂടുതലുള്ള ഈ താരം നിലവില്‍ സ്‌പെയിനിലെ ലാലീഗയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള റെയല്‍ മാഡ്രിഡിന്റെ മിന്നും താരമായി മികവ് പ്രദര്‍ശിപ്പിക്കുന്നത് തന്നെയാണ് ഇതിന് കാരണം. 2016ല്‍ ലോകത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യാനോ സ്വന്തം നാട് പോര്‍ച്ചുഗലിന് വേണ്ടി ലോകകപ്പിലും യൂറോപ്പിലും മിന്നും പ്രകടനമാണ് പന്തിന്മേല്‍ അസാധ്യ നിയന്ത്രണമുള്ള ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്.
ലയണല്‍ മെസ്സിയും മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വേരോയുമാണ് നിലവില്‍ അര്‍ജന്റീനക്കാരായ ഫ്രീകിക്ക് വിദഗ്ധര്‍. ലയണല്‍ മെസ്സിയെന്ന പ്രതിഭയുടെ കാലില്‍ വഴങ്ങാത്തതായി ഒന്നുമില്ല. ചിലപ്പോള്‍ മുന്നേറ്റത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നതും മറ്റു ചിലപ്പോള്‍ മികച്ച ഫ്രീകിക്കിലൂടെയായിരിക്കും മെസ്സി നമ്മെ അമ്പരിപ്പിക്കുന്നത്.
ജപ്പാന്റെ ഷുന്‍സുകെ നകാമുറെയാണ് ലോകം കണ്ട മറ്റൊരു ഫ്രീകിക്ക് വിദഗ്ധന്‍. 2010ലെ ചാമ്പ്യന്‍സ് ലീഗില്‍ സെല്‍റ്റിക്കിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന നക്കാമുറെ നേടിയ നാടകീയമായ ഫ്രീകിക്ക് ഗോള്‍ ഫുട്‌ബോള്‍ പ്രണയികളുടെ മനസ്സിലിന്നുമുണ്ട്. ഇപ്പോള്‍ സ്വന്തം ക്ലബ്ബായ ജപ്പാനിലെ യോകോഹാമ മാരിനോസിന് വേണ്ടി കളിക്കുന്ന നകാമുറെയ്ക്ക് പ്രായമേറിയെങ്കിലും പ്രതിഭയ്ക്ക് കുറവൊന്നുമില്ല. ഹോളണ്ട് ഓറഞ്ചു പടനിരയിലും ഒരുപിടി ഫ്രീകിക്ക് വിദഗ്ധരുണ്ട്. അതില്‍ മുന്നില്‍ വെസ്‌നി സ്‌നെയിഡറാണ്. ഡെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന സ്‌നെയിഡര്‍ ഇന്റര്‍മിലാന് 2011ല്‍ ചാമ്പ്യന്‍ഷിപ്പ് ലീഗ് നേടിക്കൊടുത്തതില്‍ സ്‌നെയിഡറുടെ മിന്നും ഫ്രീകിക്ക് പ്രകടനം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
2006 ലോകകപ്പ് നേടിയ ഇറ്റലിയുടെ മധ്യനിര ഈറ്റപ്പുലിയാണ് ആന്‍ഡ്രിയ പിര്‍ലോ. ലോകകപ്പ് ഫൈനലില്‍ സിനദിന്‍ സിനാന്റെ ഫ്രഞ്ച് കാലാള്‍പ്പട 58% ബോള്‍ കൈകാര്യം ചെയ്തിട്ടും മികച്ച മുന്നേറ്റങ്ങള്‍ പുറത്തെടുത്തിട്ടും ആന്‍ഡ്രിയ പിര്‍ലോയുടെ മിന്നും ഫ്രീകിക്കുകളുടെ അകമ്പടിയോടെയാണ് സാധ്യത കല്‍പ്പിക്കാതിരുന്ന മസൂരികള്‍ മൂന്നാം ഫുട്‌ബോള്‍ ലോകകപ്പ് റോമിലേക്ക് കൊത്തിപറന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പലതവണ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കുകയും പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ള ചെല്‍സിയെ പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐവറികോസ്റ്റ് താരം ദ്രോഗ്‌ബെ മികച്ച പ്രകടനത്തോടൊപ്പം ഫ്രീകിക്ക് സ്‌പെഷ്യലിസ്റ്റുമാണ്.
ബ്രസീലുകാരായി പിന്നെയും പല ഫ്രീകിക്ക് താരങ്ങള്‍ നിരയിലുണ്ടായിരുന്നു. റോബര്‍ട്ടോ കാര്‍ലോസിന് പുറമെ ജൂനിഞ്ഞോയും റൊണാള്‍ഡീഞ്ഞോയുമൊക്കെ വിവിധ കോണില്‍ വിവിധ രീതിയിലുള്ള ഫ്രീകിക്കുകളില്‍ പ്രാവീണ്യമുള്ളവരായിരുന്നു. കക്കയും ലൂസിയോയും നൈമറും ഈ ദൗത്യത്തില്‍ ബ്രസീലിയന്‍ നിരയില്‍ പല മത്സരത്തിലും നിയോഗിക്കപ്പെട്ടവരായിരുന്നു.
ബാര്‍സലോണയുടെ ഫ്രീകിക്ക് വിദഗ്ധര്‍ സാവിഹെര്‍ണാണ്ടസ്, വിയ്യ, ഇനിയസ്റ്റ, ഫാബ്രി ഗസുമെല്ലാം ഈ മേഖലയില്‍ മികവ് തെളിയിച്ചവരാണ്.

Previous ArticleNext Article