Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, ലേഖനം

റിയാസ്‌ മൗലവി വധക്കേസും അട്ടിമറിക്കപ്പെടുന്നു? സംഘ അജണ്ടകൾക്ക്‌ മീതെ മതേതര കേരളത്തിന്റെ നിതാന്ത ജാഗ്രതയാണാവശ്യം..- എം മുഹമ്മ്ദ്‌ റിയാസ്‌ എഴുതുന്നു..

 

മുഹമ്മദ് റിയാസ്.എം

(www.k-onenews.in)

ചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ അധ്യാപകനും ജുമാമസ്ജിദ് മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയുടെ നിഷ്ഠൂരമായ കൊലപാതകം ആ രീതിയില്‍ ജില്ലയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായിരിക്കും. എങ്കിലും അവസാനത്തേത് ആയിരിക്കും എന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. സംഘപരിവാര ഹിംസയെ അറിയുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.
പള്ളിയില്‍ കയറി മുഅദ്ദിനെ (ബാങ്ക് വിളിക്കുന്ന വ്യക്തി) കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയവരുടെ ലക്ഷ്യം ജില്ലയില്‍ ഒരു വര്‍ഗീയ കലാപത്തിനു തുടക്കമിട്ട് ബി.ജെ.പി യുടെ ഭാവി സ്വപ്നങ്ങള്‍ക്ക് കളമൊരുക്കുക തന്നെയായിരിക്കണം. ഒരു സാധാരണ മുസ്‌ലിമിനെ വധിച്ചാല്‍ ഉണ്ടാവുന്നതിനേക്കാള്‍ വൈകാരികത ഇളക്കി വിടാനാവും എന്നതു കൊണ്ട് തന്നെ ആയിരിക്കണം മുസ്ലിംകളുടെ ആരാധനാ സ്ഥലമായ മസ്ജിദില്‍ താമസിക്കുന്ന, അവിടത്തെ ജീവനക്കാരന്‍ റിയാസ് മൗലവിയെ തിരഞ്ഞെടുത്തത്.
ഇസ്‌ലാമിലേക്ക് സ്വന്തം ഇഷ്ടപ്രകാരം കടന്നു വന്ന മലപ്പുറം കൊടിഞ്ഞി സ്വദേശി ഫൈസലിനേയും ക്രൂരമായിട്ടായിരുന്നു ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ തന്നെ തിരൂരില്‍ യാസര്‍ എന്ന ചെറുപ്പക്കാരനും ഇതേ കാരണത്താല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു. രണ്ടിലും പ്രതികള്‍ ആര്‍.എസ്.എസ് നേതാവ് മഠത്തില്‍ നാരായണന്റെ നേതൃത്വത്തിലുള്ള ഭീകരര്‍ തന്നെ ആയിരുന്നു. വളരെ ലാഘവത്തോടെ കേസിനെ സമീപിച്ച പോലീസ് പ്രതികള്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ജാമ്യം കിട്ടാന്‍ വഴിയൊരുക്കിയത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. യാസര്‍ വധക്കേസിലെ പ്രതികളെ ഒടുവില്‍ കോടതി വെറുതെ വിട്ടതു പോലിസിന്റെ നിഷ്‌ക്രിയത്വത്തിന് തെളിവാണ്.
ആര്‍.എസ്.എസിന്റെ അടുത്ത ലക്ഷ്യസ്ഥാനങ്ങള്‍ ആണ് കേരളവും പശ്ചിമ ബംഗാളും. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ആര്‍.എസ്.എസിന് മേല്‍കൈ നേടുക വളരെ ശ്രമകരമായിരിക്കും എന്ന് അവര്‍ക്ക് അറിയാം. അതിനുള്ള കുറുക്കു വഴികള്‍ തേടുകയാണ് നിരപരാധികളായ മുസ്‌ലിം യുവാക്കളുടേയും പണ്ഡിതരുടെയും നിഷ്ടൂരമായ വധത്തിലൂടെ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ചും കലാപങ്ങള്‍ ഉണ്ടാക്കിയും ആര്‍എസ്.എസ്. അതിന്ന് തുടക്കമിടാന്‍ വളക്കൂറുള്ള മണ്ണായാണ് ആര്‍.എസ്.എസ് കാസറഗോഡിനെ കാണുന്നത്. കൂടാതെ തങ്ങളുടെ ശക്തികേന്ദ്രമായ മംഗലാപുരത്ത് നിന്ന് നിര്‍ലോഭമായ പിന്തുണ ലഭിക്കും എന്നത് കാസര്‍കോഡ് തിരഞ്ഞെടുക്കാന്‍ കാരണമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ബി.ജെ.പിയുടെ സംസ്ഥാന നേതാവ് മംഗലാപുരത്ത് പോയി കൊലവിളി നടത്തിയതും, മംഗലാപുരത്തെ ആര്‍.എസ്.എസ് നേതാവ് കാസറഗോഡ് ഒരു ടൂര്‍ണമെന്റില്‍ മുഖ്യാധിതി ആയി പങ്കെടുത്ത് വര്‍ഗീയ വിഷം തുപ്പിയതും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. റിയാസ് മൗലവി വധത്തിന്റെ അന്വേഷണ പരിധിയില്‍ ആര്‍.എസ്.എസ് ഉന്നത നേതാക്കളുടെ പങ്കും കൊണ്ടുവരണമെന്ന ആവശ്യം വ്യാപകമാണ്. എസ്.ഡി.പി.ഐ, പോപുലര്‍ ഫ്രണ്ട്, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. കാസറഗോഡ് വര്‍ഷങ്ങളായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന ബി.ജെ.പി സംസ്ഥാന നേതാവിന്റെ വരവോടെയാണ് ജില്ല സംഘപരിവാരത്തിന്റെ കലാപഭൂമിയായി മാറിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ട മുസ്ലിം യുവാക്കളുടെ നിര നീണ്ടതാണ്. ആരിക്കാടി അസ്ഹര്‍, സിനാന്‍, റിഷാദ്, ബാസിത്ത്, സൈനുല്‍ ആബിദ്, റിയാസ് മൗലവി അങ്ങനെ നീളുന്നു പട്ടിക. ഇതില്‍ പല കേസുകളിലേയും പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിടുകയാണുണ്ടായത്. മിക്ക കേസുകളുടേയും പോക്ക് മന്ദഗതിയില്‍ ആണ്.
മുന്‍ കേസുകളെപ്പോല റിയാസ് മൗലവി വധക്കേസും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. കേസിനെ ദുര്‍ബലപ്പെടുത്താനും അതുവഴി പ്രതികള്‍ക്ക് രക്ഷപ്പെടാനും വഴിയൊരുക്കി പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നും മുന്‍ വൈരാഗ്യമാണ് കൃത്യത്തിനു കാരണം എന്നും പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. മദ്യലഹരിയില്‍ കൃത്യം ചെയ്താല്‍ പ്രതിയെ ശിക്ഷിക്കാന്‍ സാധ്യമല്ല എന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 85 ആം വകുപ്പ് പറയുന്നു. മുമ്പും സംഘപരിവാര ബന്ധമുള്ളവര്‍ പ്രതികളായ കേസുകളില്‍ പ്രതികള്‍ അറസ്റ്റില്‍ ആവുമ്പോള്‍ പ്രതിയെ മനോരോഗിയായും മറ്റും ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാസറഗോഡ് ജില്ലയിലെ തന്നെ പെരിയയില്‍ ഫഹദ് എന്ന പിഞ്ചുകുട്ടിയെ കുത്തി കൊലപ്പെടുത്തിയ ആര്‍.എസ്.എസ് ഭീകരന്‍ വിജയനെ മനോരോഗിയായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലയുടെ പ്രഭാഷണം പ്രതി സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു എന്നത് അന്വേഷണത്തില്‍ പുറത്ത് വന്നിട്ടും ശശികലക്ക് എതിരേ പ്രേരണാ കുറ്റത്തിന്‍ കേസ് എടുക്കാത്തത് വ്യാപക വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു.
പ്രതികള്‍ കഞ്ചാവ് മദ്യ ലഹരിലാണെന്ന് വരുത്തിതീര്‍ത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നത് ജനങ്ങള്‍ക്ക് നിയമത്തില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും, കൂടുതല്‍ പ്രശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. കാസറഗോഡ് പോലെ സെന്‍സിറ്റീവായ ഒരു സ്ഥലത്ത് അത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍ കാര്യക്ഷമമായി അന്വേഷിച്ച് മുഴുവന്‍ ഗൂഡാലോചനയും പുറത്ത് കൊണ്ടുവരികയും അത്‌വഴി പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുമ്പോഴേ ജില്ലയിലെ സമാധാനം തിരിച്ചുപിടിക്കാനാവൂ. ഇതിനുള്ള ബാധ്യത പോലിസിന്റെതും അവരെ നിയന്ത്രിക്കുന്ന കേരള സര്‍ക്കാറിന്റേതുമാണ്. ഇക്കാര്യത്തില്‍ മതേതര കേരളത്തിന്റെ നിതാന്ത ജാഗ്രതയും ആവശ്യമാണ്.

Previous ArticleNext Article