Hot, പുതിയ വാർത്തകൾ, പ്രവാസി

അബൂദബിയില്‍ ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് അഞ്ച് ദിര്‍ഹം

അബൂദബി: (www.k-onenews.in) അബൂദബിയില്‍ ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് മൂന്നര ദിര്‍ഹത്തില്‍ നിന്ന് അഞ്ച് ദിര്‍ഹമായാണ് വര്‍ധിപ്പിച്ചത്. കിലോമീറ്റര്‍ നിരക്കിലും രാത്രി യാത്രയുടെ നിരക്കിലും വര്‍ധനവുണ്ട്.

അബൂദബിയില്‍ മൂന്നര ദിര്‍ഹമായിരുന്ന മിനിമം ടാക്സി നിരക്ക് പകല്‍ സമയത്ത് അഞ്ച് ദിര്‍ഹമായും രാത്രി അഞ്ചര ദിര്‍ഹവുമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. മുബാറക് അഹമ്മദ് അല്‍ മുഹൈരി ഉത്തരവിട്ടതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവനുസരിച്ച് ടാക്സികളുടെ കിലോമീറ്റര്‍ നിരക്ക് ഒരു ദിര്‍ഹം 80 ഫില്‍സായിരിക്കും. ടാക്സി ഗതാഗതകുരുക്കില്‍പ്പെട്ടാലും വാഹനം വെയ്റ്റ് ചെയ്യിച്ചാലും മിനിറ്റിന് 50 ഫില്‍സ് വീതം ഈടാക്കും. ടാക്സി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ നാല് ദിര്‍ഹമാണ് നിരക്ക്. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് ടാക്സികളുടെ പകല്‍ ഷിഫ്റ്റ്. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് രാത്രി ഷിഫ്റ്റിന്‍റെ സമയം. വിമാനത്താവളങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കുന്ന വാനുകളുടെ മിനിമം നിരക്ക് 25 ദിർഹവും കാറുകളുടേത് 20 ദിർഹവുമായിരിക്കും. എന്നാല്‍, പുതിയ നിരക്ക് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Previous ArticleNext Article