Hot, കേരളം, പുതിയ വാർത്തകൾ, ലേഖനം

സ്വത്വരാഷ്ട്രീയത്തിന്റെ ചരിത്രപാഠം – സഈദ് കൊമ്മച്ചി എഴുതുന്നു

-സഈദ്‌ കൊമ്മച്ചി-

പ്രമാണിത്വ മേൽക്കോയ്മാ ശക്തികളും ദുർബലരും തമ്മിലുള്ള ഏറ്റുമുട്ടൽ ചരിത്രത്തിന്റെ ചാക്രികമായ ആവർത്തനമാണ്. ദുർബലർ പ്രമാണിത്വ വർഗ്ഗത്തിന് മേൽ വിജയം നേടുക എന്നത് ദൈവിക വാഗ്ദാനവും. ചരിത്രത്തിൽ ഇത് മാറി മറിഞ്ഞു കൊണ്ടിരിക്കും.

ദുർബലർ വിജയം നേടുന്നതിന്റെ ജ്വലിക്കുന്ന ചരിത്രമാണ് പ്രവാചകൻ മൂസാ (അ) ന്റെത്. ഖുർആൻ ഏറ്റവും കൂടുതൽ തവണ പേരും ചരിത്രവും പരാമർശിക്കുന്നത് ഈ വിശുദ്ധ പ്രവാചകനെക്കുറിച്ചാണ്.  അത് വെറും ഒരു ചരിത്ര വായനക്ക് മാത്രമുള്ളതല്ല. ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ നിലപാട് രൂപപ്പെടുത്താനുള്ള മാർഗ്ഗദർശനമായാണ് അതിനെ കാണേണ്ടത്.

പ്രവാചക പരമ്പരയുടെ പ്രതാപമുള്ള ഇസ്രയേലി ജനത ഈജിപ്തിലെ ഫറോവയുടെ നേതൃത്വത്തിലുള്ള സവർണ കിബ്തി വർഗ്ഗത്തിൽ നിന്നും നിഷ്ഠൂരമായ പീഠനങ്ങളാണ് സഹിക്കേണ്ടി വന്നത്. വംശീയ ഉന്മൂലനത്തിന്റെ പ്രാചീന രൂപമാണ് അന്ന് അവർക്ക് നേരെ അരങ്ങേറിയത്. ഒരു ആൺതരിയെപ്പോലും പിറക്കാനനുവദിക്കാതെ പൂർണമായ വംശശുദ്ധീകരണം തങ്ങളുടെ കിങ്കരന്മാരെക്കൊണ്ട് നടപ്പിലാക്കുക എന്ന രീതി. പക്ഷെ എത്ര സുന്ദരമായാണ് അല്ലാഹുവിന്റെ ഇടപെടൽ അവിടെ ഉണ്ടാകുന്നത്. അക്രമിയായ ഭരണാധികാരിയുടെ സർവ്വ സുഖ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് തന്നെ ദുർബലന്റെ വിജയത്തിന് വേണ്ടിയുള്ള വിമോചകൻ രംഗത്ത് വരുന്നു.

തെരുവിൽ വെച്ച് സവർണ കിബ്തിയുടെ അക്രമത്തിന് ഇരയായ സ്വന്തം വംശത്തിൽ പെട്ടവനെ, അവന്റെ ഭാഗത്തുള്ള ശരിതെറ്റുകൾ പോലും അന്വേഷിച്ചറിയാതെ, രണ്ട് ഘട്ടത്തിലും സഹായിക്കാൻ മൂസായെ പ്രേരിപ്പിച്ചത് അടിച്ചമർത്തപ്പെടുന്ന സ്വന്തം വംശത്തോടുള്ള പ്രതിബന്ധത അല്ലാതെ മറ്റെന്താണ്?.

തനിക്ക് നേരെ പ്രതികാരമുണ്ടാവുമെന്ന് അറിഞ്ഞ അദ്ധേഹം അവിടെ നിന്ന് യാത്ര പോകുകയും മദിയനിൽ ഏകദേശം എട്ട് വർഷത്തിലധികം കഴിച്ച് കൂട്ടുകയും ചെയ്തു. പിന്നീടാണ് ദൈവിക ദൗത്യം ഏൽപിക്കപ്പെടുന്നത്.

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദൗത്യവുമായി തന്റെ സമൂഹം അടിച്ചമർത്തലിന് വിധേയമാകുന്ന സ്വന്തം ഭൂപ്രദേശത്തേക്ക്. സഹായിയായി കൂടെ തന്റെ സഹോദരനേയും കൂട്ടിക്കൊണ്ട് നേരെ ചെന്നത് ഒരു ജനതയെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കി ദൈവിക പരിവേശത്തോടെ അധികാരം നടത്തുന്ന ഫറോവയുടെ അടുക്കലേക്ക്.

“ഞങ്ങൾ രക്ഷിതാവിങ്കൽ നിന്നുള്ള ദൂതൻമാരാകുന്നു, അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌”, അക്രമിയായ ഭരണാധികാരിയോടുള്ള നീതിയുടെ വചനം.

സ്വന്തം സമൂഹത്തിന്റെ ധാർമ്മികമായ അവസ്ഥ എന്താണെന്ന് പോലും നോക്കാതെ നേരെ നീതിക്ക് വേണ്ടി അക്രമിയായ ഭരണാധികാരിയുടെ അടുക്കലേക്കാണ് പോയത്. മറിച്ച് അവരെ സഹായിക്കുന്നതിന് മുമ്പ് അവരുടെ തൗഹീദിന്റെ പത്തരമാറ്റ് നോക്കാനുള്ള ഉരകല്ല് നോക്കിയല്ല അദ്ധേഹം ആദ്യം പോയത്. നിങ്ങളുടെ വിശ്വാസക്കുറവാണ് എല്ലാ പീഠനങ്ങൾക്കും കാരണം എന്ന് പറഞ്ഞ് അവരെ കൂടുതൽ നിന്ദ്യരാക്കാനുമല്ല ശ്രമിച്ചത്. അടിച്ചമർത്തപ്പെട്ടവന് നീതി, സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ അടിമത്വത്തിൽ നിന്നും സമൂഹത്തെ മോചിപ്പിച്ച് സൃഷ്ടാവിന്റെ മാത്രം അടിമത്വം എന്ന ഔന്നത്യത്തിലേക്ക് ആ ജനതയെ കൈപിടിച്ചുയർത്താനുള്ള ദൗത്യം, അതിനാണ് അദ്ധേഹം തുടക്കം കുറിച്ചത്.

ചരിത്രം ചാക്രികമായ ആവർത്തന സ്വഭാവമുള്ളതാണ്. ഇവിടെ നിർജീവമായ പുഴക്കടവിൽ ചൂണ്ടയിട്ട് വല്ലതും കുരുങ്ങുന്നുണ്ടോ എന്ന് നോക്കി അലസമായി ഇരിക്കുന്നത് പോലെ, എവിടെയെങ്കിലും മൂസ വളരുന്നുണ്ടോ എന്ന് കാത്തിരിക്കുകയല്ല വേണ്ടത്, മറിച്ച് കാലഘട്ടത്തിന്റെ മൂസമാർ ആകുവാനാണ് സാധിക്കേണ്ടത്.

“തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു.

*നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്‌*” (ഖസസ്: 4-5)

അല്ലാഹുവിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്, നാം നമ്മുടെ റോൾ തിരിച്ചറിയുക, അല്ലാഹു അവന്റെ ഉദ്ദേശം പൂർത്തീകരിക്കുക തന്നെ ചെയ്യും, ഇൻഷാഅല്ലാഹ്.

Previous ArticleNext Article