Hot, അന്താരാഷ്ട്രം, പുതിയ വാർത്തകൾ, വിനോദം

അമ്പരപ്പിക്കുന്ന ബോക്‌സ്ഓഫീസ് നേട്ടവുമായി ചൈനയില്‍ ‘ദംഗല്‍’

ചൈന: (www.k-onenews.in) മാധ്യമങ്ങളുടെ വിനോദവാര്‍ത്താ തലക്കെട്ടുകളിലെല്ലാം എസ്.എസ്.രാജമൗലിയുടെ ‘ബാഹുബലി 2’ ആണ്. 1000 കോടി ക്ലബ്ബിന്റെ വാതില്‍ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ തുറന്നിട്ട ചിത്രത്തിന്റെ പടയോട്ടത്തിന് ബോക്‌സ്ഓഫീസില്‍ ഇനിയും മങ്ങലേറ്റിട്ടില്ല. 750 കോടിക്ക് മുകളില്‍ ഇത്രകാലം ബോളിവുഡ് ചിത്രങ്ങള്‍ പോലും കളക്ഷന്‍ നേടാത്തയിടത്താണ് ഒരു തെന്നിന്ത്യന്‍ ചിത്രം 1000 കോടിയും പിന്നിട്ട് കുതിപ്പ് തുടരുന്നത്. ഇന്ത്യന്‍ സിനിമയില്‍ കളക്ഷനില്‍ ഇത്രകാലവും ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ആമിര്‍ഖാന്റെ പികെ ബാഹുബലി-2 റിലീസിന് ശേഷം രണ്ടാംസ്ഥാനത്തല്ല, മറിച്ച് മൂന്നാമതാണ്. കാരണം മറ്റൊരു ആമിര്‍ഖാന്‍ ചിത്രം തന്നെ! ‘ദംഗല്‍’ വ്യാപകമായി ഈയാഴ്ച ചൈനയില്‍ റിലീസ് ചെയ്തതോടെയാണ് ഇന്ത്യയിലെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റുകളുടെ സ്ഥാനങ്ങളില്‍ വ്യത്യാസം വന്നിരിക്കുന്നത്.

മെയ് 5ന് ഏഴായിരത്തോളം സ്‌ക്രീനുകളിലാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിലെത്തിയ ആമിര്‍ഖാന്‍ ചിത്രം ‘ദംഗല്‍’ ചൈനയില്‍ റിലീസ് ചെയ്തത്. ചിത്രം ആദ്യദിനം മാത്രം നേടിയത് 2.08 മില്യണ്‍ ഡോളര്‍ (13.19 കോടി രൂപ). രണ്ടാംദിനമായ ശനിയാഴ്ച 4.17 മില്യണ്‍ ഡോളറും. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആദ്യവാരാന്ത്യ കളക്ഷന്‍ മാത്രം (വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിന്ന് 11.30 മില്യണ്‍ ഡോളര്‍ 72.68 കോടി രൂപ). പൊതുവെ കളക്ഷന്‍ കുറയുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മികച്ച പ്രതികരണം ലഭിച്ച ചിത്രം ആദ്യ അഞ്ച് ദിവസങ്ങളില്‍ നിന്നുമാത്രം 100 കോടി പിന്നിട്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ നിന്ന് 123.67 കോടി!

ആത്മവിശ്വാസത്തോടെ ചൈനയില്‍ 7000 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ ദംഗല്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല. അത് പികെയ്ക്ക് ചൈനയില്‍ ലഭിച്ച സ്വീകരണമായിരുന്നു. ആമിറിന്റെതന്നെ 3 ഇഡിയറ്റ്‌സും ധൂം-3യുമൊക്കെ അവിടെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് (103 കോടി) പികെ മാത്രമായിരുന്നു. ‘ഷുആയ് ജിയാവോ ബാബ’ (ഗുസ്തി പിടിക്കാം അച്ഛാ) എന്നാണ് ചിത്രത്തിന്റെ ചൈനീസ് ടൈറ്റില്‍. റിലീസിന് മുന്നോടിയായി കഴിഞ്ഞമാസം മധ്യത്തില്‍ ആമിര്‍ഖാന്‍ ചൈനയില്‍ എത്തിയിരുന്നു. ഇത്തവണത്തെ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലായിരുന്നു ദംഗല്‍ ചൈനീസ് പതിപ്പിന്റെ പ്രിവ്യൂ.

ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് നിലവില്‍ ആകാംക്ഷയുണര്‍ത്തുന്ന ചോദ്യമിതാണ്. ബാഹുബലിക്ക് പിന്നാലെ ഇന്ത്യന്‍ സിനിമയില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ചിത്രമാവുമോ ദംഗല്‍? അഞ്ച് ദിവസംകൊണ്ട് 100 കോടി പിന്നിട്ട ചിത്രത്തിന് ഇനിയുമൊരു 200 കോടി കൂടി നേടാന്‍ സാധിക്കുമോ? കാത്തിരുന്ന് കാണാം.

Previous ArticleNext Article