Hot, ടെക്‌നോളജി

100എംബിപിഎസ് സ്പീഡില്‍ സൗജന്യ ഇന്റര്‍നെറ്റ് 3 മാസത്തേക്ക്’; വരുന്നു ‘ജിയോ ഫെെബര്‍’ ബ്രോഡ് ബ്രാന്‍ഡ് കണക്ഷന്‍

(www.k-onenews.in) റിലയന്‍സ് ജിയോ ബ്രോഡ്ബ്രാന്‍ഡ് ഇന്റര്‍നെറ്റ് രംഗത്തേക്കുള്ള കടന്നുവരവിന് തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോ ഫൈബര്‍ എന്ന് പേരിട്ട ജിയോ ബ്രോഡ് ബ്രാന്‍ഡ് ഉടന്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. 100 എംബിപിഎസ് സ്പീഡില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതായിരിക്കും ജിയോ ഫൈബര്‍.

ജിയോ ഫൈബറിന്റെ ലോഞ്ചിങ്ങ് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 100എംബിപിഎസ് സ്പീഡില്‍ 100ജിബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ദിവസത്തേക്കായിരിക്കും ഉപഭോക്താക്കള്‍ക്ക് ജിയോ സൗജന്യ ഒാഫര്‍ നല്‍കുക. 100 ജിബി ഡാറ്റ ഉപയോഗം കഴിഞ്ഞാല്‍ 1 എംബിപിഎസ് സ്പീഡില്‍ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ലഭ്യമാകും.

ഉപഭോക്താക്കള്‍ 4500 രൂപ അടച്ച് ആദ്യഘട്ടത്തില്‍ അംഗത്വമെടുക്കണം. 3 മാസത്തെ പ്രിവ്യു ഒാഫറിനുശേഷം ഫെെബറില്‍ തുടരാനാഗ്രഹിക്കാത്ത ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കും. ഫ്രീ വെെ-ഫെെ റുട്ടറുകളും റിലയന്‍സ് നല്‍കുമെന്നാണ് സൂചന.

ജിയോ 4ജി യുടെ ചുവടുപിടിച്ചു തന്നെയാണ് ജിയോ ഫൈബറും വിപണിയിലേക്കിറങ്ങുക. ചുരുങ്ങിയ ചിലവില്‍ വേഗമേറിയ ഇന്റര്‍നെറ്റ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക. ഫെെബര്‍ ഉപഭോക്താക്കള്‍ക്ക് 5ജിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ആകര്‍ഷക ഒാഫറുകളും ഉണ്ടാകുമെന്ന് സൂചനയുണ്ട്. രാജ്യത്തെ ആദ്യത്തെ നൂറ് ശതമാനം ഫൈബര്‍ വീഡിയോ ഒപ്റ്റിമൈസ്ഡ് നെറ്റ്‌വര്‍ക്കാകും ജിയോ ഫൈബര്‍.

നിലവില്‍ ജിയോ ഫൈബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ചില ഉപഭോക്താക്കള്‍ക്കും റിലയന്‍സ് ജീവനക്കാര്‍ക്കും നല്‍കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ആദ്യഘട്ടത്തില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പരീക്ഷിക്കുക. ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം നല്‍കുന്നുണ്ട്.

ന്യൂനതകളും അപാകതകളും പരിഹരിച്ച ശേഷമായിരിക്കും രാജ്യത്താകമാനം കമ്പനി സേവനം വ്യാപിപ്പിക്കുക. ഔദ്യോഗികമായി ലോഞ്ചിങ്ങ് ദിവസം ഇതുവരെ റിലയന്‍സ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ തന്നെയുണ്ടാകുമെന്നാണ് റിലയന്‍സുമായി അടുത്ത വ്യന്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Previous ArticleNext Article