Hot, കായികം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ ചെൽസിക്ക് ലഭിക്കുന്ന തുക കേട്ടാൽ ഞെട്ടും

chelsey pics copy

(www.k-onenews.in) ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ എന്നാൽ പണക്കൊഴുപ്പിന്റെ ലീഗ് ആണ് എന്നത് എല്ലാവർക്കുമറിയുന്ന കാര്യമാണ്. എന്നാൽ ഈ കണക്കുകൾ ശെരിക്കും നിങ്ങളെ ഞെട്ടിക്കും.

ഈ വർഷം ഏറ്റവും കൂടുതൽ തുക പെട്ടിയിലാക്കുന്നത് ജേതാക്കൾ ചെൽസി തന്നെയാണ്. ഏകദേശം 150 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് അഥവാ 1200 കോടിയോളം രൂപ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ടീമിന് ലഭിക്കുന്ന ഏറ്റവും വലിയ തുക ആണ് ഇത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ലെസ്റ്റർ സിറ്റിക്ക് കിട്ടിയ 93 ദശലക്ഷം പൗണ്ട് ആയിരുന്നു.

കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ പത്താം സ്ഥാനത് ഫിനിഷ് ചെയ്ത ചെൽസിക്ക് ലഭിച്ചത് വെറും 88 ദശ ലക്ഷം പൗണ്ട് ആയിരുന്നു. ഇതിനേക്കാൾ 72 ശതമാനം അധികമാണ് ടീമിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ടെലിവിഷൻ സംപ്രേഷണാവകാശം വിറ്റത് മുഖേന കിട്ടിയ ഏകദേശം 75000 കോടി രൂപയാണ് ഈ വർധനക്ക് കാരണം.

ജേതാക്കൾ ചെൽസി മാത്രമല്ല, എല്ലാ ടീമുകളും ഇത്തവണ പണം വാരും. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള സണ്ടർലണ്ടിന് വരെ ലഭിക്കും 760 കോടിയോളം രൂപ!

മൂന്ന് വിഭാഗങ്ങളിലായാണ് ടീമുകളുടെ വരുമാനം. ആദ്യത്തേത് പ്രീമിയർ ലീഗിൽ നിന്നുള്ള മൊത്ത വരുമാനത്തിന്റെ വിഹിതം. ഇത് എല്ലാ ടീമുകൾക്കും തുല്യമായാണ് വീതിക്കുക. കഴിഞ്ഞ വർഷം ഓരോ ടീമുകൾക്കും ലഭിച്ച തുല്യ തുക 56 ദശലക്ഷം പൗണ്ട് ആയിരുന്നു. ഇപ്രാവശ്യം ഇത് 80 ദശലക്ഷത്തിലേറേയാണ്.

രണ്ടാമത് ലഭിക്കുന്ന വരുമാനമാണ് മെറിറ്റ് ഫീ എന്നറിയപ്പെടുന്നത്. പോയിന്റ് പട്ടികയിൽ ടീമിന്റെ സ്ഥാനത്തിനനുസരിച്ചാണ് ഈ തുക. ഇത്തവണ ചെൽസിക്ക് ലഭിക്കുന്ന തുക ഏകദേശം 40 ദശലക്ഷം പൗണ്ട്.

ഇനി ഈ കണക്കുകൾ നോക്കൂ: കഴിഞ്ഞ വർഷം ലെസ്റ്റർ സിറ്റിക്ക് ലഭിച്ച മെറിറ്റ് ഫീ വെറും 25 ദശലക്ഷം പൗണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ 1992–93 ൽ ജേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ മെറിറ്റ് ഫീ വെറും 8 ലക്ഷം പൗണ്ട് ആയിരുന്നു എന്നതാണ് രസകരമായ വസ്തുത. ആദ്യമായി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായപ്പോൾ 2005 ൽ ചെൽസിക്ക് ലഭിച്ചത് 10 ദശലക്ഷം പൗണ്ടിന് താഴെയായിരുന്നു.

ടീമുകൾക്ക് ലഭിക്കുന്ന മറ്റൊരു വരുമാനമാണ് ഫെസിലിറ്റി ഫീ എന്നറിയപ്പെടുന്ന വിഹിതം. ഒരു സീസണിൽ ഒരു ടീം എത്ര തവണ ടീവിയിൽ വരുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ തുക നിർണയിക്കുന്നത്.

ഈ കണക്കുകൾ ഒക്കെ വായിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ടീം വാങ്ങിയാലോ എന്ന മോഹം ഉണ്ടെങ്കിൽ വായനക്കാരെ കുറ്റം പറയാനൊക്കില്ല! ചുമ്മാ പോയി തോറ്റ് വന്നാലും കിട്ടും 700 കോടി രൂപ, എന്താല്ലേ!

Previous ArticleNext Article