Hot, കായികം, പുതിയ വാർത്തകൾ

ഐ.പി.എല്‍ പത്താം സീസൺ; പൂനെയെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം

IMG_2947

മുംബൈ: (www.k-onenews.in) ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ഐ.പി.എല്‍ പത്താം സീസണിലെ കലാശക്കളിയില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ഒരു റണ്‍സിനാണ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ മുംബൈ വീഴ്ത്തിയത്. ജോണ്‍സണ്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ നാല് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന പൂനെക്ക് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. നങ്കൂരമിട്ടു നിന്ന നായകന്‍ സ്മിത്തിനെ(51) അവാസന ഓവറില്‍ വീഴ്ത്തിയതും മുംബൈക്ക് ഗുണമായി.

സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ടിന് 129. പൂനെ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 128.

ഐ.പി.എല്ലിലെ മൂന്നാം കിരീടമാണ് രോഹിത് ശര്‍മ്മയും കൂട്ടരും കൊണ്ടുപോകുന്നത്. ആദ്യമായാണ് ഐ.പി.എല്ലില്‍ ഒരു ടീം മൂന്നു വട്ടം കിരീടം ചൂടുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ കൃത്യമായ ബോളിങ്ങും ഫൈനലിലെ സമ്മര്‍ദ്ദവും പൂനെക്ക് വിനയായി. അജിങ്ക്യ രാഹനെ(44) ആണ് പൂനയുടെ മറ്റൊരു സ്‌കോറര്‍. എം.എസ് ധോണി(10) രാഹുല്‍ ത്രിപാഡി(3) മനോജ് തിവാരി(7) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 129 റണ്‍സ് നേടിയത്. 47 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. പൂനെക്കായി ജയദേവ് ഉനദ്ഘട് ആദം സാംമ്പ, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മുംബൈയുടെ തുടക്കം തന്നെ പാളി. എട്ട് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ പാര്‍ത്ഥിവ് പട്ടേലിനെയും(4) ലെന്‍ഡി സിമ്മണ്‍സിനെയും(3)ജയദേവ് ഉനദ്കട് മടക്കി.

ഇതില്‍ സിമ്മണ്‍സിനെ അതിമനോഹരമായ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ഉനദ്കട് മടക്കിയത്. അമ്പാട്ടി റായിഡുവിനെ(12) സുന്ദരമായ ത്രോയിലൂടെ സ്മിത്ത് റണ്‍ ഔട്ടാക്കി. നായകന്‍ രോഹിത് ശര്‍മ്മയെ(24) സാമ്പയുടെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ ശര്‍ദുല്‍ താക്കൂര്‍ പിടികൂടി. മികച്ച ക്യാച്ച് തന്നെയായിരുന്നു ഇതും. പൊളളാര്‍ഡ്(7) ഹര്‍ദ്ദിക്ക് പാണ്ഡ്യ(10) കരണ്‍ ശര്‍മ്മ(1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ മുംബൈ 79ന് ഏഴ് എന്ന നിലയില്‍ കൂപ്പുകുത്തി. എട്ടാം വിക്കറ്റില്‍ ക്രൂണാല്‍ പാണ്ഡ്യയും മിച്ചല്‍ ജോണ്‍സണും പൊരുതിയാണ് ടീം സ്‌കോര്‍ 120 കടത്തിയത്. 50 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. മിച്ചല്‍ ജോണ്‍സണ്‍ 13 റണ്‍സ് നേടി പുറത്താകാതെ നിന്നു.

Previous ArticleNext Article