Hot, ദേശീയം, പുതിയ വാർത്തകൾ

പാലും പാലുൽപ്പന്നങ്ങളും മാത്രമായി ആര്‍എസ്എസിന്‍റെ ഇഫ്താര്‍

ഉത്തർപ്രദേശ്‌: (www.k-onenews.in) ഉത്തർപ്രദേശിൽ റംസാൻ കാലത്ത് വെള്ളിയാഴ്ചകളിൽ പാലും പാലുൽപ്പന്നങ്ങളും മാത്രമുള്ള ഇഫ്‌താർ പാർട്ടി. ആർഎസ്എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് (എംആർഎം) ആണ് വേറിട്ട ഇഫ്‌താർ പാർട്ടി ഒരുക്കുന്നത്. റംസാൻ വ്രതമനുഷ്ഠിക്കുന്നവർ പാലും പാലുൽപ്പന്നങ്ങളും മാത്രം കഴിച്ച് നോമ്പ് തുറക്കണമെന്ന് എംആർഎം നിർദ്ദേശിക്കുന്നു. പശുക്കളെ സംരക്ഷിക്കുക എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. പശുക്കളെ സംരക്ഷിക്കുന്നതിന് റംസാൻ കാലത്ത് എംആർഎം പ്രത്യേക പ്രാർത്ഥനകളും നടത്തും.

യുപിയിൽ ആദ്യമായാണ് പാലും പാലുൽപ്പന്നങ്ങളും മാത്രമായി ഇഫ്താർ പാർട്ടി നടത്തുന്നത്. പശുവിൻ പാൽ ആരോഗ്യത്തിന് നല്ലതാണെന്ന് മുസ്ലിം പുരോഹിതന്മാർ പോലും അംഗീകരിച്ചിട്ടുണ്ടെന്ന് എംആർഎം ദേശീയ കോ-കൺവീനർ മഹിരാജ് ധ്വജ് സിംഗ് അഭിപ്രായപ്പെട്ടു. പശുവിൻ നെയ്യ് ഔഷധ ഗുണമുള്ളതാണെന്നും നെയ്യ് ഉപയോഗിച്ച് നിരവധി ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നുണ്ടെന്നും മഹിരാജ് പറഞ്ഞു.

എംആർഎമ്മിന്റെ തീരുമാനത്തെ അനുകൂലിച്ച് ലക്നൗ ആസ്ഥാനമായുള്ള പസ്‌മണ്ട മുസ്ലിം സമാജ് എന്ന സംഘടന രംഗത്ത് വന്നിട്ടുണ്ട്. പാലുൽപ്പന്നങ്ങൾ ഉപയോഗിച്ച് അനവധി മധുര പലഹാരങ്ങൾ ഉണ്ടാക്കാമെന്നും ഇഫ്‌താർ പാർട്ടയിൽ പാൽ വിതരണം ചെയ്യുന്നതിൽ വിരോധമില്ലെന്നുമാണ് സംഘടനയുടെ നിലപാട്.

Previous ArticleNext Article