Hot, ടെക്‌നോളജി

ഇൻസ്റ്റാഗ്രാം യുവാക്കളെ മോശമായി ബാധിക്കുന്നു

(www.k-onenews.in) യുവാക്കളുടെ മനസ്സിനെ ഏറ്റവും മോശമായി ബാധിക്കുന്ന ആപ്പ് ഇൻസ്റ്റാഗ്രാമാണെന്ന് പഠനറിപ്പോർട്ട്. മറ്റ് നവ മാധ്യമങ്ങളേക്കാൾ യുവാക്കളിൽ ഡിപ്രഷൻ, ഉറക്കക്കുറവ്, അമിത ഭയം എന്നിവ ഉണ്ടാക്കുന്നത് ഇൻസ്റ്റാഗ്രാമാണെന്ന് പഠനം സൂചിപ്പിക്കുന്നു. പെൺകുട്ടികളിൽ സൗന്ദര്യം കുറവാണെന്ന അപകർഷതാ ബോധം സൃഷ്‌ടിക്കാനും ഇൻസ്റ്റാഗ്രാം കാരണമാകുന്നു. 14 മുതൽ 24 വയസ്സ് വരെയുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇൻസ്റ്റാഗ്രാം കഴിഞ്ഞാൽ യുവാക്കളെ ഏറ്റവും ദോഷകരമായി ബാധിക്കുന്നത് സ്നാപ്ചാറ്റാണ്. സ്നാപ്ചാറ്റ് ഉപയോഗിക്കുന്നവരിൽ ഒറ്റപ്പെടുമെന്ന തോന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നവ മാധ്യമങ്ങളിൽ ഏറ്റവും നല്ലത് യൂട്യൂബാണ്. മാനസികമായി വളരെ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ യൂട്യൂബ് സഹായിക്കുമെന്ന് പഠനം പറയുന്നു. മറ്റുള്ളവരുമായി സൗഹൃദപരമായ ബന്ധം സ്ഥാപിക്കാനും തന്റെ മനസ്സിലെ ചിന്തകൾ പ്രകടമാക്കാനും യൂട്യൂബ് സഹായകമാണ്. എന്നാൽ അമിതമായി യൂട്യൂബ് ഉപയോഗിക്കുന്നവർക്കും ഉറക്കക്കുറവ് അനുഭവപ്പെട്ടേക്കാം.

ട്വിറ്ററിനാണ് രണ്ടാം സ്ഥാനം. അൽപ്പം ദോഷകരമാണെങ്കിലും ട്വിറ്റർ മറ്റ് സോഷ്യൽ മീഡിയകളുടെയത്ര അപകടകാരിയല്ല. ഇവയുടെയെല്ലാം മധ്യത്തിലാണ് ഫേസ്ബുക്ക് ഇടം പിടിച്ചിരിക്കുന്നത്. ആളുകളുമായി അടുത്ത് ഇടപഴകുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ വൈകാരിക പിന്തുണ ലഭിക്കുന്നതിനും ഫേസ്ബുക്ക് നല്ലതാണ്. എന്നാൽ ഫേസ്ബുക്ക്  റാഗിങ് പോലെയുള്ള അപകടകരമായ പ്രവണതകൾ ജനിപ്പിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Previous ArticleNext Article