തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി 5% വർധിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഉറപ്പിന് മുമ്പുതന്നെ കേരളം നികുതി നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 18നാണ് ജിഎസ്ടി വർദ്ധനവ് നടപ്പാക്കി കേരളം ഉത്തരവിറക്കിയത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഈ ജിഎസ്ടി ചുമത്തിയിട്ടുണ്ട്. കേന്ദ്രം നടപ്പാക്കിയ അതേ നികുതി വർദ്ധനവാണ് കേരളവും നടപ്പാക്കുന്നത്.

മെയ് 18 മുതൽ അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ എന്നിവയുടെ പായ്ക്ക് ചെയ്ത് ചില്ലറയായി നടത്തുന്ന വിൽപ്പനയ്ക്ക് കേന്ദ്രം 5% നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 2.5 ശതമാനം കേന്ദ്രത്തിനും 2.5 ശതമാനം കേരളത്തിനുമാണ്. ജി.എസ്.ടി വർദ്ധിപ്പിക്കാനുള്ള തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ചെറുകിട വ്യാപാരികളും കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഉത്പാദകരും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിയുടെയും പയറുവർഗ്ഗങ്ങളുടെയും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ജി.എസ്.ടി കൗൺസിൽ യോഗങ്ങളിലും ജി.എസ്.ടി നിരക്ക് സംബന്ധിച്ച സമിതികളിലും കേരളം ഈ നിലപാട് ഉന്നയിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വില വർദ്ധനവിന് കാരണമാകുന്ന ജി.എസ്.ടി നിരക്ക് വർദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വർദ്ധനവിനും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വർദ്ധിപ്പിക്കരുതെന്നും പകരം ആഡംബര വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കണമെന്നുമാണ് ഇക്കാര്യത്തിൽ കേരളത്തിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.