സിഡ്‌നി: അംഗോളയിലെ ഒരു ഖനിയിൽ നിന്ന് അപൂർവമായ പിങ്ക് വജ്രം കണ്ടെത്തി. മുന്നൂറ് വർഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ വജ്രമാണിതെന്ന് ഓസ്ട്രേലിയൻ സൈറ്റ് ഓപ്പറേറ്റർ പറഞ്ഞു. വജ്രം 170 കാരറ്റാണുള്ളത്. ഇതിന് കോടിക്കണക്കിന് രൂപ വിലവരും.

ലുലോ റോസ് എന്ന പേര് നല്‍കിയിരിക്കുന്ന രത്‌നക്കല്ല് രാജ്യത്തെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയ പിങ്ക് വജ്രങ്ങളിൽ ഏറ്റവും വലുതാണിതെന്ന് ലുക്കാപ്പ ഡയമണ്ട് കമ്പനി പറഞ്ഞു. വജ്രം അന്താരാഷ്ട്ര വിപണിയിൽ ലേലത്തിന് വയ്ക്കും.

ലുലോ റോസ് പോളിഷ് ചെയ്ത് മിനുക്കിയാൽ മാത്രമേ കൃത്യമായ വില കണക്കാക്കാൻ കഴിയൂ. രത്നത്തിന്‍റെ ഭാരത്തിന്‍റെ 50 ശതമാനം വരെ പോളിഷ് ചെയ്യുമ്പോൾ നഷ്ടപ്പെടുന്നു. ഇതേ പോലെ ലഭിച്ച വജ്രങ്ങള്‍ റെക്കോഡ് വിലയ്ക്കാണ് നേരത്തെ വിറ്റുപോയത്. 2017 ല്‍ ഹോങ് കോങ്ങില്‍ നടന്ന ലേലത്തില്‍ 59.6 കാരറ്റ് പിങ്ക് സ്റ്റാര്‍ ലേലത്തില്‍ വിറ്റത് 71.2 മില്യണ്‍ യുഎസ് ഡോളര്‍ (5,68,99,83,600 രൂപ) തുകയ്ക്കാണ്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച വജ്രമായിരുന്നു പിങ്ക് സ്റ്റാര്‍.