കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് മെയ് 30 വരെ കോടതി സ്റ്റേ ചെയ്തു. മെയ് 30ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് ഉത്തരവിട്ടത്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞയാഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്വേഷണ സംഘം നിരവധി തവണ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണെന്നും ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിൻ കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകള്‍ അറിയിച്ചു. ഐജിയുടെ ഓഫീസിന് മുന്നിൽ കുടിൽ നിർമ്മിച്ച് സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയിൽ നടപടി വൈകുന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹിക സാംസ്കാരിക രംഗത്തെ 100 പേർ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.