തിരുവനന്തപുരം : വര്‍ഗീയ പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിപിഎമ്മിന്‍റെ സഹായം കോൺഗ്രസിന്റെ വളർച്ചയ്ക്ക് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. തീവ്രവാദ കാഴ്ചപ്പാടുകളുള്ള പാർട്ടികളുടെ കരുത്തിലാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ നിലനിൽക്കുന്നത്. സിപിഎമ്മിന് നഷ്ടപ്പെട്ട ഇടതുമുഖം തുറന്നുകാട്ടി ചിന്തന്‍ ശിബിരം മുന്നോട്ട് വെച്ച ആശയങ്ങള്‍ പാർട്ടിയെ അസ്വസ്ഥമാക്കുന്നുയെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോൺഗ്രസിന് ചിന്തൻ ശിബിരം നൽകിയ ഊർജ്ജവും ശക്തിയും ദിശാബോധവും മഹത്തരമാണെന്ന് കെ സുധാകരൻ പറഞ്ഞു.

വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും ഫാസിസത്തിന്‍റെയും രാഷ്ട്രീയത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടുക എന്ന മഹത്തായ ലക്ഷ്യമാണ് കോൺഗ്രസ്‌ ചിന്തൻ ശിബിരം മുന്നോട്ട് വച്ചിരിക്കുന്നത്. കോൺഗ്രസ്‌ മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിന് സമാന്തരമായി അധികാരത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സിപിഎമ്മിനും കേരളത്തിലെ മുഖ്യമന്ത്രിക്കും അതിന്‍റെ സാരാംശം ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ലെന്നും സുധാകരൻ പറഞ്ഞു.

സിപിഎമ്മിലെ ആഭ്യന്തര ജനാധിപത്യത്തെ തകർത്ത വ്യക്തിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി ചെയർമാനും മരുമകനും കണ്ണൂരിലെ ചില നേതാക്കളും ഡയറക്ടർ ബോർഡ് അംഗങ്ങളായി സിപിഎമ്മിനെ കോർപ്പറേറ്റ് കമ്പനിയാക്കി മാറ്റിയിരിക്കുകയാണ്. സിപിഐ(എം)ന്‍റെ കേരള ഘടകം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ചു. ഗാന്ധിയൻ -നെഹ്റുവിയൻ ആദർശങ്ങളിൽ അധിഷ്ഠിതവും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുമായി പ്രവർത്തിക്കുന്നതുമായ കോൺഗ്രസിന് ഒരിക്കലും വലതുപക്ഷമാകാൻ കഴിയില്ല. സംഘപരിവാറിന്‍റെ തീവ്ര വലതുപക്ഷ നിലപാടിൽ പ്രവർത്തിക്കുന്ന സിപിഎമ്മിന് യഥാർത്ഥ ഇടതുപക്ഷമാകാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.