ന്യൂഡൽഹി: സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്പൈസ് ജെറ്റിന്‍റെ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവിലുള്ള വിമാന സർവീസുകളിൽ 50 ശതമാനം മാത്രമേ അടുത്ത എട്ട് ആഴ്ചത്തേക്ക് സർവീസ് നടത്താവൂ എന്നാണ് ഡിജിസിഎയുടെ നിർദേശം. ഇക്കാലയളവിൽ ഡിജിസിഎയുടെ കർശനമായ നിരീക്ഷണം ഉണ്ടാകുമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ വിമാന സുരക്ഷയുമായി ബന്ധപ്പെട്ട എട്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഡിജിസിഎ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജൂലൈ ആറിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്‍റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് സ്പൈസ് ജെറ്റ് നോട്ടീസിന് മറുപടി നൽകിയത്. മറുപടിയിൽ തൃപ്തനാകാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്.