സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിൽ ജോലി ചെയ്യുക, അതായിരുന്നു ടൈലർ കോഹന്‍റെ സ്വപ്നം. അതിനായി കോഹന്‍ ശ്രമിച്ചത് രണ്ടോ മൂന്നോ തവണയല്ല, 40 തവണയാണ്! കോഹന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ് ഗൂഗിൾ. കാരണം ജൂലൈ 19ന് ഗൂഗിൾ അദ്ദേഹത്തിന് ഒരു ജോലി നൽകി. സാൻഫ്രാൻസിസ്കോ സ്വദേശിയായ കോഹൻ ഗൂഗിളിന്റെ ഓഫര്‍ ലഭിക്കുന്നതിന് മുമ്പ് ഡോര്‍ഡാഷ് എന്ന കമ്പനിയില്‍ അസ്സോസിയേറ്റ് മാനേജറായി ജോലി ചെയുകയായിരുന്നു.

കോഹന്‍ തന്റെ ആദ്യ അപേക്ഷ അയക്കുന്നത് 2019 ഓഗസ്റ്റ് 25നാണ്. എന്നാൽ അത് ഗൂഗിൾ നിരസിച്ചു. എന്നാൽ കോഹൻ വഴങ്ങിയില്ല, സെപ്റ്റംബറിൽ രണ്ട് തവണ അപേക്ഷിച്ചു, രണ്ട് തവണയും ഗൂഗിൾ ഉപേക്ഷിച്ചു. 2020 ജൂണിൽ, ഒരു ഇടവേളയ്ക്ക് ശേഷം കോഹൻ വീണ്ടും ഓൺലൈനിൽ അപേക്ഷിച്ചു. കോവിഡ് കാലമായിരുന്നു അത്. 2022 ജൂലൈ 19 വരെ അപേക്ഷ അയക്കൽ തുടർന്നു. അവസാനം ഗൂഗിൾ ‘മുട്ടുകുത്തി’ കോഹന് ജോലി നൽകി.

“നിരന്തരപരിശ്രമത്തിനും ബുദ്ധിഭ്രമത്തിനും ഇടയില്‍ ഒരു നേര്‍ത്ത രേഖയുണ്ട്. ഇതിലേതാണ് എനിക്കുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍. 39 തവണത്തെ തിരസ്‌കരണം, ഒരു പ്രാവശ്യത്തെ അംഗീകാരം”. കോഹൻ തന്റെ ലിങ്ക്ഡിൻ പോസ്റ്റിൽ എഴുതി. കോഹന്‍റെ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. അവസരം തേടി ഗൂഗിളിന് അയച്ച ഇമെയിലുകളുടെ പട്ടികയുടെയും ഗൂഗിളിന്‍റെ മറുപടി മെയിലുകളുടെയും സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.