തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഇനി കിയയുടെ കാർണിവൽ. 33 ലക്ഷം രൂപയാണ് ഈ വാഹനത്തിന്‍റെ വില. ടാറ്റയുടെ ഹാരിയറിന് പകരം ഡിജിപി അനിൽ കാന്തിന്‍റെ നിർദേശ പ്രകാരമാണ് കിയ കാർണിവൽ വാങ്ങാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്.

ബുള്ളറ്റ് പ്രൂഫ് ഉൾപ്പെടെ കൂടുതൽ സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ വാഹനം എത്തുന്നത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങൾക്കും ശേഷം വാഹനം കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. കറുപ്പിൽ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7-സീറ്റർ ആണ്.

നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂരും കോഴിക്കോടും ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ അകമ്പടി ഡ്യൂട്ടിക്ക് ഉപയോഗിക്കും. ഇവയെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്‍റെ ചുമതലയിൽ നിലനിർത്തും.