ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊല ചെയ്ത കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയനും എംപ്ലോയീസ് ഫെഡറേഷനും ധർണ നടത്തി.

ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ കെയുഡബ്ല്യുജെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട എം.വി വിനീത ഉദ്ഘാടനം ചെയ്തു.

നരഹത്യക്കേസിലെ ഒന്നാം പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് റാങ്കിലുള്ള കസേരയിൽ ഇരുത്തുന്നത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് വിനീത ആരോപിച്ചു. ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ സമരം തുടരുമെന്ന് കെയുഡബ്ല്യുജെ യൂണിയൻ അറിയിച്ചു.