തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങൾ കേന്ദ്രം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

“സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം ബാധ്യസ്ഥരാണ്. കേന്ദ്രാനുമതി ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. സംസ്ഥാനത്തിന് അവകാശപ്പെട്ട കാര്യങ്ങളെ കേന്ദ്രം ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തിന്‍റെ നിലപാട് വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് വിശദമായ കത്തയച്ചു.” അദ്ദേഹം പറഞ്ഞു. ഭരണഘടനാ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ രീതിയിൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.