കൊച്ചി: എറണാകുളം എംജി റോഡിലെ സെന്റര്‍ സ്ക്വയർ മാളിലെ സിനിപോളിസ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നു. ഈ മാസം 30 മുതല്‍ തിയറ്ററുകളിൽ പ്രദര്‍ശനം ആരംഭിക്കും. മാളിന്റെ ആറാം നിലയിലാണ് മൾട്ടിപ്ലക്സ് തിയേറ്ററുകൾ സ്ഥിതി ചെയ്യുന്നത്. മൊത്തം സ്ക്രീനുകളിൽ മൂന്നെണ്ണം വിഐപി വിഭാഗത്തിലാണ്, 2015 ൽ പ്രവർത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകൾ സാങ്കേതിക കാരണങ്ങളാൽ 2017 ൽ അടച്ചുപൂട്ടി. അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി ഇല്ലാതെയാണ് തീയറ്റർ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിയേറ്റർ അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടത്. മാളിന്റെ ആറും ഏഴും നിലകളിൽ പ്രവർത്തിക്കുന്ന തിയറ്റർ അനുവദനീയമായ 40 മീറ്ററിനു മുകളിൽ സ്ഥിതി ചെയ്യുന്നതിനാലാണ് കളക്ടറുടെ നടപടി.