കോഴിക്കോട്: പെരുമ്പാവൂർ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ഫാ.ജേക്കബ് വർഗീസ് അറസ്റ്റിലായി. നേരത്തെ 12 കുട്ടികളെ അനധികൃതമായി കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് ഇടനിലക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അനുമതിയില്ലാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചത്.

ജേക്കബ് വർഗീസ് ഡയറക്ടറായ കരുണ ചാരിറ്റബിൾ ട്രസ്റ്റ് അനധികൃതമായി പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുട്ടികളെ അനധികൃതമായി കൊണ്ടുവന്ന ഇടനിലക്കാരെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നുണ്ടായ അന്വേഷണമാണ് വൈദികനിലേക്കെത്തിയത്.

രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളുമായി റെയിൽവേ സ്റ്റേഷനിൽ എത്തുന്നത് കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.