തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് പി.ബിജുവിന്‍റെ പേരിൽ ഫണ്ട് പിരിച്ചെന്ന് പരാതി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് എസ് ഷാഹിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത അഞ്ച് ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് പരാതി. വിഷയത്തിൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികൾ സിപിഎം നേതൃത്വത്തിന് പരാതി നൽകി.

പി.ബിജുവിന്‍റെ സ്മരണാർത്ഥം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റെഡ് കെയർ സെന്‍ററും ആംബുലൻസ് സർവീസും തുടങ്ങാനാണ് തുക സമാഹരിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ഡി.വൈ.എഫ്.ഐ പാളയം ഏരിയാ കമ്മിറ്റിയാണ് ഫണ്ട് ശേഖരണത്തിൻ നേതൃത്വം നൽകിയത്.

ഇതിനായി സമാഹരിച്ച 11 ലക്ഷത്തിലധികം രൂപ ആദ്യം കൈമാറിയെന്നാണ് വിവരം. ഇതിൽ അഞ്ച് ലക്ഷത്തോളം രൂപ ആംബുലൻസ് വാങ്ങാൻ നീക്കിവച്ചിരുന്നു. ഈ തുക വകമാറ്റി ചെലവഴിച്ചെന്നാണ് പരാതി. പാളയം ലോക്കൽ സെക്രട്ടറിയായിരുന്ന ഷാഹിനാണ് പണം കൈവശം വെച്ചിരുന്നത്. ഷാഹിൻ പിന്നീട് ജില്ലാ വൈസ് പ്രസിഡന്‍റായി.