ദോഹ: ദോഹ ഉൾപ്പെടെ ഖത്തറിന്‍റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ മുതൽ കനത്ത മഴയാണ്. ഇടിമിന്നലോടു കൂടിയ മഴ മണിക്കൂറുകളോളം തുടർന്നു. ബുധനാഴ്ച തന്നെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം വ്യാഴാഴ്ച പുലർച്ചെ മഴ പെയ്തു.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ദോഹ, അൽ വക്റ, വുകൈർ, ഐൻ ഖാലിദ് ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ മഴ പെയ്തു. മഴക്കാലത്ത് സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ അധികൃതർ താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫ്ലാറ്റുകളും വില്ലകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ മേൽക്കൂരകളിലും മരങ്ങൾക്കരികിലും നിൽക്കരുത്. കനത്ത മഴയെ തുടർന്ന് അപ്രതീക്ഷിതമായി വെള്ളക്കെട്ടിനും കാഴ്ചക്കുറവിനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.