തിരുവനന്തപുരം: എറണാകുളം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. സ്വിഫ്റ്റ് ഡീലക്സ് ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഡീലക്സ് ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസൃതമായി മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സർവീസുകളിൽ യാത്രക്കാരെ നിര്‍ത്തി സര്‍വ്വീസ് നടത്താറില്ല. അതിനാൽ സീറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വരുമാനമെന്ന് കെഎസ്ആർടിസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സൂപ്പർഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, ചിലപ്പോൾ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ കൂടുതൽ യാത്രക്കാർ ഉണ്ടാകും. അതനുസരിച്ച്, സൂപ്പർഫാസ്റ്റിൽ നിന്നുള്ള വരുമാനം ലഭിക്കുന്നു. സാധാരണയായി ജൂണിലെ മഴക്കാലത്ത് യാത്രക്കാർ കുറവാണ്. അതും വരുമാനം കുറയാൻ സാധ്യതയുണ്ട്.

കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് യാത്ര സുഖകരമായതിനാൽ കൂടുതൽ യാത്രക്കാർ ദീർഘദൂര യാത്രകൾക്കായി ഈ സർവീസുകൾ തിരഞ്ഞെടുക്കുന്നു. ഏപ്രിൽ 11ന് സർവീസ് ആരംഭിച്ചതു മുതൽ ഏപ്രിലിൽ 1.44 കോടി രൂപയും മെയ് മാസത്തിൽ 5.25 കോടി രൂപയും ജൂണിൽ 6.46 കോടി രൂപയും ജൂലൈ 20 വരെ 4.50 കോടി രൂപയുമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് ലഭിച്ചത്.