കൊച്ചി: പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി. കൊവിഡ് ഭീഷണി തുടരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ കർശനമല്ലാത്തതിനാൽ ബലിതർപ്പണത്തിനായി സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശ്ശൂർ തിരുവിൽവാമല പാമ്പാടി, കോഴിക്കോട് വരക്കൽ കടപ്പുറം, ഷൊർണൂർ ശാന്തിതീരം, ചെറുതുരുത്തി പുണ്യതീരം, പെരുമ്പാവൂർ ചേലമറ്റം, ആനിക്കാട് തിരുവംപ്ലാക്കൽ തുടങ്ങി സംസ്ഥാനത്തെ നിരവധി പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതർപ്പണത്തിന് ആളുകൾ എത്തി.

ഇന്ന് രാവിലെ മുതൽ ആയിരക്കണക്കിനാളുകൾ ആണ് ആചാര്യൻമാരുടെ നേതൃത്വത്തിൽ സ്നേഹ സ്മരണകൾക്കു തിലോദകം അർപ്പിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ പല സ്ഥലങ്ങളിലും ബലിതർപ്പണങ്ങൾ തുടങ്ങിക്കഴിഞ്ഞു. എല്ലാ പ്രധാന ക്ഷേത്രങ്ങളിലും പിതൃപൂജ, തിലഹോമം, സായൂജ്യപൂജ തുടങ്ങിയ വഴിപാടുകൾക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.