തിരുവനന്തപുരം: ഇറാനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി ഖത്തർ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ ഇന്ന് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയൻ ക്രിസ്റ്റഫർ (36), അരുൺ (22), അടിമലത്തുറ സ്വദേശി മൈക്കിൾ സെൽവദാസൻ (34) എന്നിവർ ഇന്ന് വൈകിട്ട് 5.40നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തും.

ഇവരടക്കം ആറ് മലയാളികളെ ജൂൺ മൂന്നിനാണ് ഖത്തർ പോലീസ് അറസ്റ്റ് ചെയ്തത്. ശക്തമായ കാറ്റിൽ ബോട്ട് ഖത്തർ അതിർത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഡിസംബർ 19നാണ് ഇവർ ഇറാനിലെത്തിയത്. ഇവരെ മോചിപ്പിക്കുന്നതിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യൻ എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് നോർക്ക അറിയിച്ചു.

വ്യാഴാഴ്ച രാവിലെ മൂന്ന് മണിക്ക് ഖത്തറിൽ നിന്ന് മുംബൈയിലെത്തിയ ഇവരെ നോർക്ക ഡെവലപ്മെന്‍റ് ഓഫീസ് അധികൃതർ സ്വീകരിച്ച് കേരള ഹൗസിൽ പാർപ്പിച്ചു. കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യതയോടെ വൈകിട്ട് 3.30നുള്ള വിമാനത്തിൽ പുറപ്പെടുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.