തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ ഓഫീസിലെ അഞ്ച് ജീവനക്കാരെ കൂടി മുഹമ്മദ് റിയാസിന്‍റെ ഓഫീസിൽ നിയമിച്ചു. ഇതോടെ മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 29 ആയി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പരമാവധി 25 പേർ എന്നാണ് എൽ.ഡി.എഫിന്‍റെ നയം. ഇതിന് വിപരീതമായി മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫിൽ 29 പേരെ നിയമിച്ചു.

പുതുതായി നിയമിതരായവർക്ക് പെൻഷൻ ഉറപ്പാക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. പഴ്സനൽ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കെയാണ് രാജിവച്ച മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ അംഗങ്ങളെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. സജി ചെറിയാൻ രാജിവച്ചതിനു പിന്നാലെ പഴ്സനൽ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. അതേസമയം, ഇതേക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല.-

മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫയലുകൾ കൈകാര്യം ചെയ്യുന്നത് ധനമന്ത്രിയുടെ ഓഫീസാണ്. ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് പോലും 19 അംഗങ്ങൾ മാത്രമുള്ളപ്പോൾ മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 24ൽ നിന്ന് 29 ആയി ഉയർത്തി.