കീവ്: വോഗ് മാഗസിന്‍റെ കവർ മുഖമായി മാറിയതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കും, ഭാര്യ ഒലീന സെലെൻസ്കയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.

ധീരതയുടെ ഛായാചിത്രം(Portrait of Bravery) എന്ന അടിക്കുറിപ്പോടെ വോഗ് അതിന്‍റെ കവർ മുഖമായി ഒലേന സെലെൻസ്കയെ അവതരിപ്പിച്ചിട്ടുണ്ട്. വോഗിന്‍റെ ‘ഡിജിറ്റൽ കവർ സ്റ്റാർ’ ആയി ഒലേന സെലെൻസ്കയുടെ ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യം യുദ്ധം നയിക്കുമ്പോൾ ഇരുവരും മാഗസിനുവേണ്ടി പോസ് ചെയ്യുന്നുവെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

ഇരുവരും പ്രസിഡന്‍റ് ഓഫീസിൽ ഇരിക്കുകയും സൈനികർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന ചിത്രങ്ങൾ മാഗസിനിൽ പ്രത്യക്ഷപ്പെട്ടു. പ്രശസ്ത സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ആനി ലെയ്ബോവിറ്റ്സാണ് ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങൾ ഒലേന സെലെൻസ്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇരുവരുടെയും കണ്ടുമുട്ടലും ജീവിതവും വിവരിക്കുന്ന അഭിമുഖം മാഗസിനിലുണ്ട്.